അധ്യാപകനും ശിഷ്യരും ഒരേ പാർട്ടി; പ്രതിനിധികളായ നിയമസഭ സാമാജികർ
text_fieldsപ്രഫ. റോണി കെ. ബേബി എം.എൽ.എക്കൊപ്പം എം.എൽ.എമാരായ രമേഷ് പിഷാരടിയും കെ. ബിനി മോനും
കാഞ്ഞിരപ്പള്ളി: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രഫ. റോണി കെ. ബേബി. ഒപ്പം നിയമസഭയിലെത്തിയ ശിഷ്യരാകട്ടെ പാലക്കാട് എം.എൽ.എ രമേഷ് പിഷാരടിയും വൈക്കം എം.എൽ.എ കെ. ബിനിമോനും. മൂവരും ഒരേ പാർട്ടിയിൽനിന്നുള്ളവരാണെന്നത് ഇരട്ടി മധുരമായി. കോൺഗ്രസ് എം.എൽ.എമാരാണ് മൂവരും. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഫ. റോണി കെ. ബേബി ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി എം.എൽ.എയായ പ്രഫ. റോണി കെ. ബേബി അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് റോണി കെ. ബേബി കുറിപ്പിൽ പറയുന്നു.
ഡി.ബി കോളജിലെ താൽക്കാലിക ജോലിക്ക് ശേഷം റോണി കെ. ബേബിക്ക് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളജിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബി.എ. ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എം.എൽ.എ കെ. ബിനിമോൻ.
കോളജിലെ കെ.എസ്.യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നാണ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി ജയിച്ചതെന്നും താൻ ഓർക്കുന്നു. അതേ അത്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുകയാണ് -പ്രഫ. റോണി കെ. ബേബി പറയുന്നു. കെ.എസ്.യു സമരകാലത്ത് സമരം നയിച്ച് ക്ലാസിലെത്തിയ ബിനിമോനെ ക്ലാസിൽനിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോട് പരിഭവം പറയാറുണ്ടെന്നും പ്രഫ. റോണി കെ. ബേബി ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

