അനധികൃത വിദേശമദ്യ വിൽപന: രണ്ടുപേർ അറസ്റ്റിൽ
text_fieldsജിബിൻ, രാജേഷ്
കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശംെവച്ച് വിൽപന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), പാറത്തോട് ചിറ ഭാഗത്ത് കാവാലം വീട്ടിൽ കെ.ആർ. രാജേഷ് (36) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് വെളിച്ചയാനിയിൽ ഇവര്‍ അനധികൃതമായി മദ്യവിൽപന നടത്തുന്നതറിഞ്ഞ് കാഞ്ഞിരപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
ജിബിൻ തന്റെ ഓട്ടോറിക്ഷയിൽ സുഹൃത്തായ രാജേഷുമായി ചേർന്ന് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപന നടത്തിവരികയായിരുന്നു. ഇയാളുടെ ഓട്ടോയിൽനിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വിദേശമദ്യം പൊലീസ് കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ ബേബിച്ചൻ, ഷാജിമോൻ, സി.പി.ഒ ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

