കാഞ്ഞിരപ്പള്ളി: പാറത്തോട്ടില്‍ തെരുവുനായുടെ ആക്രമണത്തിലും നായ കടിച്ച പൂച്ച മാന്തിയും നിരവധി പേര്‍ക്ക് പരിക്ക്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കടക്കം നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. പാറത്തോട്, വേങ്ങത്താനം, മലയില്‍ ഉദയന്‍ (55), മകള്‍ അനഘ (16), മംഗലം ട്രീസ (31), കുന്നുംപുറത്ത്, ഷൈജു (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നായ് കടിച്ച പൂച്ച മാന്തിയതിനെ തുടര്‍ന്ന് ചിറയില്‍ ലൈജു (50) ജെസ്വിന് (14), ടോബിന് (9), റെജി തോമസ് (54) എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ നല്കി വിട്ടയച്ചു. പാറത്തോട് വേങ്ങത്താനം പുളിമൂട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 11.30 ഓടെ രണ്ട് തെരുവുനായ്ക്കള്‍ പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. വീടുകളിലെ വളര്‍ത്ത് പട്ടികള്‍ക്കും പൂച്ചകളെയും നായ അക്രമിച്ചു. പേവിഷയുള്ള ലക്ഷണങ്ങള്‍ നായ കാണിച്ചതായി നാട്ടുകാര്‍ പറയുന്നു.
വീടിന് പുറത്തായിരുന്ന ട്രീസയെയും പിന്നീട് അയല്‍വാസിയായ ഉദയെൻറ മകളെയും നായ ഓടിച്ചിട്ട് ആക്രമിച്ചു. മകളെ രക്ഷിക്കാനെത്തിയപ്പോഴാണ് ഉദയന്‍ നായുടെ കടിയേറ്റത്. അനഘക്ക് കാലിനും ഉദയന്‍ കൈക്കുമാണ് പരിക്കേറ്റത്. നായെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് റബര്‍ തോട്ടത്തിലേക്ക് ഓടിച്ചുകയറ്റി. പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.