കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുസാര്‍ ഇനി ഓർമ
text_fieldsഎം.വി. വർഗീസ് (കൊച്ചു സാർ)
കാഞ്ഞിരപ്പള്ളി: തലമുറകൾക്ക് അറിവ് പകർന്നു നൽകിയ കൊച്ചു സാർ എന്ന എം.വി. വർഗീസ് ഇനി ചരിത്രത്തിന്റെ ഭാഗം. അറിവിന്റെയും അക്ഷരങ്ങളുടെയും വഴിയിലെ സഞ്ചാരത്തിനൊടുവില്‍ കാഞ്ഞിരപ്പള്ളിയുടെ ശ്രേഷ്ഠ ഗുരുഭൂതന് വിട പറയുന്നത് എഴുതി തീര്‍ക്കാത്ത കഥകളും കൈമാറി തീരാത്ത അറിവുകളും ബാക്കിയാക്കി.
പത്തൊമ്പതാം വയസ്സില്‍ അധ്യാപകനായി, നാടിന്റെ കൊച്ചുസാറായി, കാഞ്ഞിരപ്പള്ളിയുടെ ഭാഗമായതാണ് മള്ളാത്ത് എം.വി. വര്‍ഗീസിന്റെ ജീവിതം. സ്വന്തം പരിശ്രമം കൊണ്ട് സാമൂഹികശാസ്ത്രത്തിലും അധ്യാപനത്തിലും ബിരുദങ്ങള്‍ സ്വന്തമാക്കി ഹൈസ്കൂള്‍ അധ്യാപകനായി. 56ാം വയസിൽ വിവര്‍ത്തന സാഹിത്യ മേഖലയിലേക്ക് ചുവടുവെച്ചു. ഡസനോളം ചെറുതും വലുതുമായ ഗ്രന്ഥങ്ങളാണ് 85ാം വയസു വരെയുള്ള വിവർത്തനം ചെയ്തത്. ഖലീല്‍ ജിബ്രാന് അടക്കം വിശ്വസാഹിത്യം നെഞ്ചേറ്റിയ എഴുത്തുകാരുടെ പരിഭാഷകൾ വരെ അതിലുണ്ട്. പ്രസാധകരില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുതല്‍ തലപ്പൊക്കമുള്ള സ്ഥാപനങ്ങളും.
ദൈവശാസ്ത്രം മുതല്‍ സാമൂഹികശാസ്ത്രം വരെയുള്ള വ്യത്യസ്ത മേഖലകളിലായി അര ഡസന്‍ പുസ്തകങ്ങൾ രചിച്ചു. കോഴിക്കോട് പൂര്‍ണ ബുക്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ നദികള്‍ എന്ന പുസ്തകത്തിന് തികഞ്ഞ ഗവേഷണ സ്വഭാവമാണുള്ളത്. കേരളത്തിലെ 44 നദികളെയും കുറിച്ചുള്ള ആധികാരിക പഠന ഗ്രന്ഥം എന്ന നിലയില്‍ ഗവേഷണ പ്രബന്ധങ്ങളില്‍ പോലും ഇതു കടന്നെത്തിയിരിക്കുന്നു. 85, 87 വയസ്സുകളിൽ അജ്ഞാതര്‍, ഏകാകിയുടെ പൂന്തോട്ടം എന്നിങ്ങനെ രണ്ടു നോവലുകളും അദ്ദേഹം രചിച്ചു.
അധ്യാപനവും സാഹിത്യ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിനിടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ഗ്രാമവികസന സമിതിയെന്ന പേരില്‍ ഇദ്ദേഹം കണ്‍വീനറായി രൂപവത്കരിച്ച കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഇന്നത്തെ പാലമ്പ്രയുടെ പിറവി.
കാഞ്ഞിരപ്പള്ളിയിലെ അധ്യാപകരുടെ സ്വന്തം ബാങ്ക് എന്നു വിളിക്കാവുന്ന അധ്യാപക സഹകരണ സംഘത്തിന്റെ പിന്നിലും നാട്ടുകാരുടെ പ്രിയപ്പെട്ട കൊച്ചുസാര്‍ തന്നെയായിരുന്നു. ക്ലാസ് മുറിയിലെ ഓരോ കുട്ടിയുടെയും കണ്ണുകളില്‍ നിന്നു വായിച്ചെടുക്കുന്ന ദാരിദ്ര്യത്തിന്റെ മുഖഭാഷ ഇടംകൈ അറിയാതെ വലംകൈ കൊണ്ട് അവരില്‍ പലരെയും ചേര്ത്തുപിടിക്കുന്നതിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
പ്രണയവും പരസ്പരമുള്ള താങ്ങും കൊണ്ട് ഉറച്ച കുടുംബങ്ങളെ വളര്‍ത്തിയെടുക്കാന്‍ പ്രഭാഷണങ്ങളും പ്രചോദനങ്ങളുമായി ഫാമിലി അപ്പോസ്റ്റലേറ്റ് എന്ന കുടക്കീഴില് വര്‍ഗീസ് സാറും ഭാര്യ ത്രേസ്യാമ്മ ടീച്ചറും നടന്നലഞ്ഞ ദൂരങ്ങളെ കിലോമീറ്ററുകളില്‍ അളന്നു തീര്‍ക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

