വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; പതിനെട്ടിടത്ത് ക്രമക്കേട് കണ്ടെത്തി
text_fieldsകാഞ്ഞിരപ്പള്ളി: ഓണക്കാലത്തോട് അനുബന്ധിച്ച് കലക്ടറുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അമ്പത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പാറത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളുടെ വിവരം കലക്ടർക്ക് കൈമാറും.
കലക്ടറാകും നോട്ടീസയക്കുകയും പിഴ ഈടാക്കുകയും ചെയ്യുക. ലൈസൻസ് പുതുക്കാത്തതിന് പുറമെ വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തത് അടക്കം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. പലചരക്ക്, ഹോട്ടൽ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. താലൂക്ക് സപ്ലൈ ഓഫിസർ ജി. അഭിൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ടി.ജി. ശ്രീലാൽ, ഫുഡ് സേഫ്റ്റി ഓഫിസർ തെരെസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് ഫെബിൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്പെക്ടർമാരായ സജീവ്കുമാർ, ടി. സയർ, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു.

