കാഞ്ഞിരപ്പള്ളി: അന്തരിച്ച പള്ളി ഇമാമിെൻറ കുടുംബത്തിന് താമസിക്കാൻ വീടും സ്ഥലവും ഒരുക്കി സഹപ്രവർത്തകരും ജമാഅത്തുകളും.
മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ മസ്ജിദ് ഇമാമായിരിക്കെ കാൻസർ ബാധിച്ച് മരിച്ച അമീൻ മൗലവിയുടെ കുടുംബത്തിനാണ് കാഞ്ഞിരപ്പള്ളിയിൽ ഇരുനില കെട്ടിടവും സ്ഥലവും വാങ്ങി നൽകിയത്.
വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിയാണ് അമീൻ മൗലവി. യുവ പണ്ഡിതെൻറ ചികിത്സക്കായാണ് മുണ്ടക്കയം മുസ്ലിം ജമാഅത്തും ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീനും വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുന്നവരും കൈകോർത്ത് ചികിത്സക്കായുള്ള തുക സ്വരൂപിച്ചിരുന്നു.
എന്നാൽ, അമീൻ മൗലവി മരിച്ചതോടെ സമിതി സ്വരൂപിച്ച തുക ഉപയോഗിച്ച് അദ്ദേഹത്തിെൻറ കുടുംബത്തിന് താമസിക്കുന്നതിന് മുണ്ടക്കയത്ത് വരിക്കാനിയിൽ എട്ടുലക്ഷം രൂപ മുടക്കിൽ ഭവനവും കാഞ്ഞിരപ്പള്ളിയിൽ വരുമാനത്തിനായി 37 ലക്ഷത്തോളം രൂപ ചെലവിൽ ഇരുനില കെട്ടിടവും വാങ്ങിനൽകുകയായിരുന്നു.
ഭവനത്തിെൻറ താക്കോൽദാനവും രേഖ കൈമാറ്റവും നടത്തി. ലജ്നത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് നാസർ മൗലവി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പി.കെ. സുബൈർ മൗലവി അധ്യക്ഷതവഹിച്ചു. അമീൻ മൗലവിയുടെ അധ്യാപകൻ പത്തനാപുരം അബ്ദുൽ റഹ്മാൻ മൗലവി ആധാരം കൈമാറ്റം നടത്തി.
ജനറൽ കൺവീനർ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡൻറ് അബ്ദുസ്സലാം പാറക്കൽ, നാസർ മൗലവി വെച്ചൂച്ചിറ, സലീം വാരിക്കാട്ട്, അയൂബ് ഖാൻ കൂട്ടിക്കൽ, ഷിബിലി വട്ടകപ്പാറ, ഷമീർ കുരീപ്പാറ, ടി.എസ്. രാജൻ, റഷീദ് മൗലവി, പി.കെ. ഷിഹാബുദ്ദീൻ, നിസാർ ഞാവക്കാട്, അബു ഉബൈദത്ത്, സുലൈമാൻ പെരിയാർ തുടങ്ങിയവർ സംസാരിച്ചു.