മണിമല വില്ലേജിൽ ഡിജിറ്റല്‍ സര്‍വേ രണ്ടാഴ്ചക്കകം
text_fieldsകാഞ്ഞിരപ്പള്ളി: താലൂക്കിലെ മുക്കടകൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി ഡിജിറ്റല്‍ സര്‍വേ മണിമല വില്ലേജിൽ രണ്ട് ആഴ്ചക്കകം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് നൽകിയ കത്ത് പരിഗണിച്ചാണ് ഡിജിറ്റൽ സർവേയിൽ മണിമല വില്ലേജുകൂടി ഉൾപ്പെടുത്തിയത്.
668 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പട്ടയം ലഭിക്കാനുള്ളത്. ഇവരെല്ലാം വനാതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരാണ്. 1958ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി വനാതിര്‍ത്തി നിര്ണയിച്ചതാണ്. പിന്നീട് റവന്യൂ വകുപ്പും വനം വകുപ്പും സംയുക്ത സര്‍വേ നടത്തി വനാതിര്‍ത്തിക്ക് പുറത്തുള്ള ആളുകളെ കണ്ടെത്തുകയും ചെയ്തതാണ്. എന്നാല്‍, പൊന്തന്‍പുഴ വനത്തിന്റെ അവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തികള്‍ നല്കിയ കേസില്‍ ഹൈകോടതി വിധി അവര്‍ക്ക് അനുകൂലമാകുകയും ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പ് സുപ്രീംകോടതിയില്‍ നൽകിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലുമാണ്. എന്നാല്‍, ജനങ്ങള്‍ നൂറിലധികം വര്‍ഷമായി അധിവസിക്കുന്ന പ്രദേശംകൂടി ഈ കേസിന്റെ പരിധിയില്‍ വരുമെന്ന തെറ്റായ വ്യാഖ്യാനമാണ് പട്ടയ വിഷയത്തില്‍ പ്രശ്നത്തിന് കാരണമായത്. ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചതോടെ വനാതിര്‍ത്തിക്കടുത്തുള്ള ജനങ്ങള്‍ താമസിക്കുന്ന പ്രദേശം വന ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന് കണ്ടെത്താം. മണിമല വില്ലേജിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ പട്ടയം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരവുമുണ്ടാകും. സര്‍വേ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണിമല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊന്തൻപുഴയിൽ ആരംഭിച്ച ഓഫിസ് ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് വർഗീസ്, ജനപ്രതിനിധികളായ ജയിംസ് പി. സൈമൺ, സുനി വർഗീസ്, മോളി മൈക്കിൾ, അതുല്യ ദാസ്, സിറിൾ തോമസ്, സുജ ബാബു, പി.ടി. ഇന്ദു എന്നിവർ പങ്കെടുത്തു.

