യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരൻ അറസ്റ്റിൽ
text_fieldsകാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് കോലച്ചിറയിൽ വീട്ടിൽ എസ്. റൂബിനെയാണ് (34) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി വീട്ടിലെത്തിയ ഇയാൾ മാതാവുമായി വാക്തർക്കമുണ്ടാവുകയും തുടർന്ന് ഉപദ്രവിക്കുകയും ചെയ്തു.
ഇതുകണ്ട ഇളയ സഹോദരന് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഇതിന്റെ പേരില്‍ വാക്തർക്കം ഉണ്ടാകുകയും റൂബിൻ മുറിയിൽ കിടന്ന ടീപ്പോയുടെ കാൽ ഇളക്കി ഇതുപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും അടുക്കളയിൽ ഇരുന്ന കത്രിക ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമൽ ബോസ്, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ ബിനോ, ഹുസൈൻ, അഭിലാഷ്, ബിനോയ് മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

