കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം; അടിയന്തര ഇടപെടൽ നടത്തുമെന്ന് നിയുക്ത എം.എൽ.എ
text_fieldsനിയുക്ത എം.എൽ.എ പ്രഫ. റോണി കെ. ബേബി കാഞ്ഞിരപ്പള്ളി ബൈപ്പാസ് സന്ദർശിക്കുന്നു
കാഞ്ഞിരപ്പള്ളി: ടൗണിലെ അനിയന്ത്രിതമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപാസ് നിർമാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തുമെന്ന് നിയുക്ത എം.എൽ.എ പ്രഫ. റോണി കെ. ബേബി.
പുതിയതായി കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം ബൈപാസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപാസ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കലക്ടറുമായി ആലോചിച്ച് മോണിറ്ററിങ് സമിതി രൂപവത്കരിക്കും. ഇതിനായി മുഴുവൻ സമയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന കാര്യവും പരിഗണയിലുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാക്കാൻ കരാറുകാരെ അനുവദിക്കില്ല. അവർക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡൻറ് സുനി ജോസഫ്, വൈസ് പ്രസിഡൻറ് അഡ്വ. സുനിൽ തേനംമാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗങ്ങളായ ജോയി മുണ്ടാ മ്പള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ, സിൽവി അനിൽ, മനോജ് ജോസഫ്, സബിത തോമസ് കൊച്ചു റാണി തോമസ്, ജോസി സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

