പാതിവഴിയിൽ നിലച്ച് കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം
text_fieldsകാഞ്ഞിരപ്പള്ളി: സ്വപ്നപദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം താൽക്കാലികമായി നിലച്ചു. പദ്ധതിക്കായി അനുവദിച്ച തുക തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും നിർമാണക്കമ്പനി ആവശ്യപ്പെട്ടാണ് പണി നിർത്തിയിരിക്കുന്നത്.
ഗുജറാത്തിലെ ബാക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പണി ചെയ്തിരുന്നത്. ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. ദേശീയപാതയിൽ റാണി ആശുപത്രിപടിക്കൽനിന്ന് ആരംഭിച്ച് കുരിശുങ്കൽ കവലയിൽ പഞ്ചായത്ത് ഓഫിസിന് എതിർവശത്തായി ദേശീയപാതയിൽ എത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം ബൈപാസിന്റെ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് (ആര്.ബി.ഡി.സി.കെ) കൈമാറിയിരുന്നു. ഇവരുടെ മേല്‍നോട്ടത്തില്‍ കിറ്റ്കോയാണ് ഡിസൈന്‍ തയാറാക്കിയത്. കാഞ്ഞിരപ്പള്ളിക്കാരുടെയും ഡോ. എൻ. ജയരാജ് എം.എൽ.എയുടെയും സ്വപ്നപദ്ധതിയാണ് ബൈപാസ്.
കിഫ്ബി ധനസഹായത്താല്‍ പൂര്‍ത്തിയാക്കുന്ന ബൈപാസിന് അനുവദിച്ച 79.6 കോടിയില്‍ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനുശേഷം നിര്‍മാണത്തിന് മാത്രമായി പുതുക്കിയ നിരക്കില്‍ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടിയാണ്. ഇതില്‍ 13 കോടിയോളം രൂപ ചിറ്റാര്‍പുഴക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്ലൈഓവറിന് മാത്രമാണ്. ഫ്ലൈഓവർ പണിയുന്നതിനുള്ള പില്ലറുകളുടെ നിർമാണം ആരംഭിച്ചിരുന്നു. റാണി ആശുപത്രിപടിക്കൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ ബൈപാസിന്റെ നിർമാണം നടന്നുവരികയായിരുന്നു. അതിനിടയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
2025 മാർച്ച് മൂന്നിന് പണി തീർക്കുമെന്ന ഉറപ്പിലാണ് കരാർ കമ്പനി പണി ആരംഭിച്ചത്. എന്നാൽ, കമ്പനിയുടെ അപ്രതീക്ഷിത നീക്കം നിർമാണത്തിൽ പ്രതിസന്ധി സൃടിച്ചിരിക്കുകയാണ്. ബാക്ബോൺ കമ്പനിയുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്നാണ് അറിയുന്നത്. ചർച്ച ഫലം കണ്ടില്ലെങ്കിൽ പുതിയ കരാർ കമ്പനിയെ പണി ഏൽപിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം വീണ്ടും അകലെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

