കാഞ്ഞിരപ്പള്ളി ബൈപാസ്: പ്രതീക്ഷയിൽ നാട്ടുകാർ
text_fieldsrepresentational image
കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളി ടൗണിന് ബൈപാസുകളിലൂടെ മോചനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2007-08ൽ പ്രഖ്യാപനം വന്ന നാൾ മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ബൈപാസ്. വാഹനം റോഡരികിൽ നിർത്തിയാലോ ഒരു പ്രകടനം ഉണ്ടായാലോ നിമിഷനേരംകൊണ്ട് ടൗൺ ഗാതാഗതക്കുരിക്കിലാകും. രണ്ട് ബൈപാസാളാണ് കാഞ്ഞിരപ്പള്ളിയിൽ വിഭാവനം ചെയ്തത്. കിഫ്ബിയിൽനിന്ന് സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള മെയിൻ ബൈപാസും ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്, എം.പി, എൽ.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് ചിറ്റാർ പുഴയോരത്തുകൂടി മിനി ബൈപാസുമാണ് പദ്ധതികൾ. മിനി ബൈപാസിന് ഒരുകോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ നടന്നുവെങ്കിലും ഈ പദ്ധതി ഉപേക്ഷിച്ചിട്ട് 10 വർഷമാകുന്നു. അൽഫോൻസ് കണ്ണന്താനം എം.എൽ.എ ആയിരിക്കെയാണ് പ്രധാന ബൈപാസിന് തുടക്കമിട്ടത്. 2007-08ൽ സർക്കാർ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി പ്രാരംഭപ്രവർത്തനങ്ങൾക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ് ബൈപാസ് പദ്ധതി. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽനിന്ന് മണിമല റോഡിനും ചിറ്റാർപുഴക്കും കുറകെ പാലം നിർമിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി പൂതക്കുഴിയിൽ ദേശീയപാതയിൽ തിരികെ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. 1.65 കിലോമീറ്ററുള്ള ബൈപാസിൽ കുരിശുകവലയിൽ മണിമല റോഡിനും ചിറ്റാർപുഴക്കും മുകളിലൂടെ ഒരു പാലവും അഞ്ച് കലുങ്കുമാണ് നിർമിക്കുന്നത്. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും ബൈപാസിന് വീതി. എന്നാൽ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും വേണ്ടരീതിയിൽ നടപടിക്രമങ്ങൾ നടക്കുന്നില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

