കാഞ്ഞിരപ്പള്ളി ബൈപാസ്; സംയുക്ത പരിശോധനക്ക് ജിയോളജി-റവന്യൂ വകുപ്പുകൾ
text_fieldsകോട്ടയം: കാഞ്ഞിരപ്പിള്ളി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ജിയോളജി, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ജില്ല വികസനസമിതി യോഗത്തിൽ തീരുമാനം. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച് നീക്കുന്ന ജോലികൾ പരാതിയെത്തുടർന്ന് നിർത്തിവെച്ചത് ജോലികളെ ബാധിക്കുന്നതായ പരാതിയിലാണ് നടപടി. വിഷയത്തിൽ തുടർനടപടിയെടുക്കാൻ ജിയോളജി വകുപ്പും റവന്യൂ വകുപ്പും വ്യാഴാഴ്ച സംയുക്ത പരിശോധന നടത്താനാണ് ധാരണ.
ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാട്ടർ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാനും ശനിയാഴ്ച ചേർന്ന ജില്ല വികസനസമിതി യോഗം നിർദേശം നൽകി. ടാങ്കുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടിയിരുന്നു. റോഡുകൾ പൊളിച്ച് പലയിടത്തും പൈപ്പ് സ്ഥാപിച്ചു. എന്നാൽ, ടാങ്ക് പണിത് വെള്ളമെത്തിക്കാത്തതിനാൽ റോഡ് നന്നാക്കാനാകുന്നില്ല. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം തുടങ്ങാത്തതിനെയും അദ്ദേഹം വിമർശിച്ചു. വാഴൂർ പഞ്ചായത്തിലെ ജലസംഭരണിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും മറ്റു മൂന്നു സംഭരണികളുടെ നിർമാണം ആരംഭിക്കാനുള്ള നടപടിയായതായും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
തിരുനക്കര ഉത്സവത്തിനുമുമ്പ് തിരുനക്കര റിങ് റോഡ് നന്നാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ ജല അതോറിറ്റി കുഴിച്ച റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം കൂടിയ പശ്ചാത്തലത്തിൽ എ.ബി.സി സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിൽ മൂന്നിടത്ത് എ.ബി.സി സെന്ററുകൾ തുടങ്ങാൻ നടപടി ആരംഭിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സൗരോർജ തൂക്കുവേലികളും കിടങ്ങുകളും നിർമിക്കുന്ന ജോലി വേഗത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ചോദ്യത്തിനു മറുപടിയായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കോട്ടയത്തുനിന്ന് രാത്രി പത്തിന് പാലായിലേക്കുള്ള സർവിസ് മെഡിക്കൽ കോളജ് വഴിയാക്കിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ബസില്ലാത്ത വിഷയം ഫ്രാൻസിസ് ജോർജ് എം.പി ഉന്നയിച്ചിരുന്നു. കലക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, സബ് കലക്ടർ ഡി. രഞ്ജിത്ത്, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

