കഞ്ഞിക്കുഴി പാറമ്പുഴ റോഡിൽ നിറയെ കുഴികൾ
text_fieldsകോട്ടയം: ഒരാഴ്ച മഴ പെയ്തപ്പോഴേക്കും റോഡ് നിറയെ കുഴിയായി. കഞ്ഞിക്കുഴി പാറമ്പുഴ റോഡിലാണ് വഴി നീളെ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുന്നത്. തിരുവഞ്ചൂർ മുതൽ ഇറഞ്ഞാൽ വരെയുള്ള ഭാഗത്താണ് കുഴികൾ ഏറെയും. ഇവിടെ ജലജീവൻ പദ്ധതിക്കായി പൈപ്പിടാൻ റോഡിന്റെ വശം വെട്ടിപ്പൊളിച്ചതോടെ മോസ്കോ മുതൽ തിരുവഞ്ചൂർ വരെയുള്ള ഭാഗത്തെ യാത്ര ദുരിതപൂർണമായി. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ വെട്ടിപ്പൊളിച്ച ഭാഗം ഇടിഞ്ഞു താഴ്ന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
വെള്ളം നിറഞ്ഞ കുഴികളുടെ ആഴമറിയാതെയും രാത്രി ഇതിൽ വീഴുന്നവർ ഏറെയാണ്. മാർക്കറ്റ് റോഡിൽ ഓടയും വാരിക്കുഴിയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്തെ ഓടയാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ദിവസവും ഉണ്ടാകുന്നത്. വർഷങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്. വീതിക്കുറവും ഒരു വശത്ത് ഓടയും കടന്നുപോകുന്നതിനാൽ ഒരേസമയം വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്.
കഴിഞ്ഞ ദിവസം പകൽ മാർക്കറ്റ് റോഡിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് മറികടക്കുന്നതിനിടെ മാലം സ്വദേശിയുടെ ഓട്ടോറിക്ഷ ഓടയിലേക്ക് മറിഞ്ഞു. മറ്റ് യാത്രക്കാരും പ്രദേശത്തുണ്ടായിരുന്നവരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. മോസ്കോ മുതൽ ഇറഞ്ഞാൽ പാലം വരെയുള്ള ഭാഗത്തും പൈപ്പ് ലൈൻ റോഡിലേക്ക് തിരിയുന്ന ഭാഗം മുതൽ പൂഴിത്തുറപ്പടി വരെയും പാറമ്പുഴ ആശുപത്രിക്ക് സമീപവും കുഴികൾ എണ്ണിയാൽ തീരില്ല. ഇറഞ്ഞാൽ പാലത്തിന് സമീപം പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയും യാത്രക്കാർക്ക് കെണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

