പ്രതാപം നഷ്ടപ്പെട്ട് കളത്തിൽക്കടവ് സായാഹ്ന വിശ്രമകേന്ദ്രം
text_fieldsകളത്തിൽക്കടവ് സായാഹ്ന പുഴയോര വിശ്രമകേന്ദ്രം
കോട്ടയം: പാടശേഖരങ്ങൾക്കും കൊടൂരാറിനും സമീപം സ്ഥിതിചെയ്യുന്ന കളത്തിൽക്കടവ് സായാഹ്ന പുഴയോര വിശ്രമകേന്ദ്രം പ്രതാപം നഷ്ടപ്പെട്ടു കാട് മൂടിയ നിലയിൽ. കഞ്ഞിക്കുഴി കൊല്ലാടിനടുത്താണ് വിശ്രമകേന്ദ്രം. 2011ൽ ആരംഭിച്ച സായാഹ്ന വിശ്രമകേന്ദ്രത്തിന്‍റെ പരിപാലന ചുമതല കൊല്ലാട് വൈ.എം.സി.എക്കായിരുന്നു.
സഞ്ചാരികൾക്ക് വിശ്രമിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും കാടു മൂടി. കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്ത് കാണാവുന്ന നിലയിലാണ്. റോഡിന് ഇരുവശവും തണൽമരങ്ങൾ ഉണ്ടെങ്കിലും ഒരു ചെറിയ വനത്തിന് സമാനമായാണ് അവസ്ഥ. ഇരുവശത്തും കാടായതിനാൽ ഇവിടം മാലിന്യംതള്ളൽ കേന്ദ്രമായി.
ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമാണിവിടം. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്ര ദുരിതപൂർണമാണ്. കോവിഡ് മൂലം ആളൊഴിഞ്ഞതോടെയാണ് സായാഹ്നകേന്ദ്രത്തിന്‍റെ ദുര്യോഗം തുടങ്ങിയത്. നിരവധി സഞ്ചാരികളും യാത്രക്കാരും ഇപ്പോൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഇല്ല.
കൊടൂരാറ്റിൽ പോളയും മാലിന്യവും നിറഞ്ഞതിനാൽ സമീപത്തെ തുരുത്തിലുള്ളവരുടെ ജീവിതവും ദുസ്സഹമായിരിക്കുകയാണ്. പോളയായതിനാൽ വള്ളം അനക്കാനാവുന്നില്ല. പുറത്തേക്ക് പോവാൻ മാർഗമില്ലാതെ വലയുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

