വിദ്യാര്‍ഥിനിയുടെ പാദത്തിൽ ബസിന്റെ ചക്രം കയറി
text_fieldsഅപകടമുണ്ടാക്കിയ ടി.എം ട്രാവല്‍സ് ബസ്
കടുത്തുരുത്തി: റെയില്‍വേ ഗേറ്റ് അടച്ചതിനെത്തുടര്‍ന്ന് ഇടവഴിയിലൂടെ കടന്നുപോകാനുള്ള പാച്ചിലിനിടെ വിദ്യാര്‍ഥിനിയുടെ പാദത്തിലൂടെ ബസിന്റെ ചക്രം കയറി. കോതനല്ലൂര്‍ ഇമ്മാനുവല്‍സ് എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ഥിനി ഇരവിമംഗലം പുല്ലുകാലായില്‍ ബിസ്റ്റി ബിജുവിനാണ് (17) പരിക്കേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. കോട്ടയം - ആയാംകുടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ടി.എം ട്രാവല്‍സ് ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ അതിരമ്പുഴ ചലമ്പറക്കുന്നേല് അഭിജിത്ത് മുരളിയെ (28) അറസ്റ്റ് ചെയ്തു.
രാവിലെ പിതാവ് ബിജു ജോസഫിനൊപ്പം ബൈക്കിലെത്തിയെങ്കിലും ബസ് പോയിരുന്നു. മകളെ ബസില്‍ കയറ്റിവിടുന്നതിന് ബൈക്കിൽ പോവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബസ് റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ഇടവഴി കയറി പോകുന്നതിന് തിരിക്കുമ്പോഴാണ് ബിജു മകളുമായി ബസിന് സമീപത്തേക്കെത്തുന്നത്. ബസിന്റെ മുന്നിലൂടെയെത്തി ഡ്രൈവറെ കൈ കാണിച്ചശേഷം വാതിലിന്റെ വശത്തേക്ക് ബൈക്കുമായി എത്തുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.
ഇതിനിടെ, മുന്നോട്ടെടുത്ത ബസിന്റെ അരിക് തട്ടി ബിജു തെറിച്ച് റോഡിനപ്പുറത്തേക്ക് വീണു. ബസില്‍ കയറാനായി നിന്ന ബിസ്റ്റിയുടെ ഇടതുകാല്പാദത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറി. ഇതേ ബസ് കഴിഞ്ഞദിവസം കുറുപ്പന്തറ കടവിന് സമീപത്തെ ഇറക്കത്തില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.