തട്ടുകട മർദനം: പ്രതിയുമായി തെളിവെടുത്തു
text_fieldsമർദ്ദന കേസില്‍ അറസ്റ്റിലായ പ്രതി സുധീഷ് സുരേന്ദ്രനെ കോതനല്ലൂരിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു
കടുത്തുരുത്തി: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന് രണ്ടുപേരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പില്‍ സുധീഷ് സുരേന്ദ്രനെ (26) സംഭവം നടന്ന കോതനല്ലൂരിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
മര്‍ദനത്തില്‍ പരിക്കേറ്റവരും ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച വീടിന്‍റെയും കാറിന്‍റെയും ഉടമകൾ ഇയാളെ തിരിച്ചറിഞ്ഞു. തെളിവെടുപ്പിനെത്തിച്ച പ്രതിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്. 22ന് രാത്രി 9.30ഓടെ കോതനല്ലൂര്‍ ജങ്ഷനിലാണ് സംഭവമുണ്ടായത്. കോതനല്ലൂര്‍ സ്വദേശികളായ പിക്അപ് ഡ്രൈവര്‍ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സുധീഷ് ഇവരെ ശാസിച്ചു. ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സുധീഷ് തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെക്കൂടി വിളിച്ചുവരുത്തി സാബുവിനെയും ഷാജിയെയും മര്‍ദിക്കുകയായിരുന്നു.