കടുത്തുരുത്തി: സാമൂഹിക വിരുദ്ധർ അക്വാേപാണിക്സ് ഫിഷ് ടാങ്കിൽ വിഷം കലക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധർ വിഷം കലക്കിയതിനെ തുടർന്ന് ഫിഷ് ടാങ്കിലുള്ള 20,000 മീനുകളാണ് ചത്തത്.
ആയാംകുടി വളച്ചതിനകത്ത് ജോണിയുടെ വീടിന് പിന്നിലുള്ള ആധുനിക സംവിധാനങ്ങളോടെയുള്ള ടാങ്കിലാണ് നഞ്ച് കലർത്തിയത്. വിൽപനക്ക് പാകമായ ഗിഫ്റ്റ് തിലോപ്പിയ, 600 കിലോ തൂക്കം വരുന്ന കാരി മീനുകൾ, 1500 കിര മീനുകൾ എന്നിവയാണ് ചത്തുപൊങ്ങിയത്.
ഏതാനും ദിവസം മുമ്പാണ് സംഭവം. രോഗം ബാധിച്ചാണ് മീനുകൾ ചാകുന്നതെന്നാണ് ജോണി കരുതിയത്. ഏതാനും ദിവസത്തിനുള്ളിൽ മീനുകൾ മുഴുവനും ചത്തു. ടാങ്കിലെ വെള്ളം എറണാകുളത്തെ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് വിഷം കലർത്തിയതായി റിപ്പോർട്ട് ലഭിച്ചത്. ഗ്രാമീൺ ബാങ്കിൽനിന്ന് 20 ലക്ഷം രൂപ ലോൺ എടുത്താണ് മീൻകൃഷി ആരംഭിച്ചതെന്ന് ജോണി പറഞ്ഞു.