അപകട പരമ്പര; ബസിടിച്ച് വൈദ്യുതി പോസ്റ്റുകളും ഓട്ടോയും തകര്‍ന്നു
text_fieldsകുറുപ്പന്തറയില്‍ സ്വകാര്യ ബസിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതോടെ ലൈനുകൾ പൊട്ടിവീണ നിലയിൽ
കടുത്തുരുത്തി: മഴ കനത്തതിനൊപ്പം അപകടങ്ങളും വര്‍ധിക്കുന്നു. കനത്തമഴയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് കുറുപ്പന്തറയില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒരു ഓട്ടോയും തകര്‍ന്നു. ഇതിന് പിന്നാലെ മുട്ടുചിറക്ക് സമീപം ശക്തമായ കാറ്റിലും മഴയിലും വന്മരം ഒടിഞ്ഞുവീണു.
വൈദ്യുതി തൂണുകളും ലൈനും വ്യാപകമായി തകര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് വഴിയിരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലും ഇടിച്ചു.
ഓട്ടോയില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. എതിരെയെത്തിയ കണ്ടെയ്നറിന് വളവില്‍വെച്ച് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് സ്വകാര്യബസ് അപകടത്തില്‍പെട്ടതെന്ന് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് മുട്ടുചിറ ഇടുക്കുമറ്റത്തിന് സമീപം അപകടമുണ്ടായത്.
റോഡരികില്‍ നിന്ന മരം ഒടിഞ്ഞ് വൈദ്യുതിത്തൂണിനും ലൈനുകള്‍ക്കും മേല്‍ വീഴുകയായിരുന്നു. ഇതോടെ സമീപത്തെ മറ്റ് പോസ്റ്റുകളും ചരിഞ്ഞു. ഇവിടുത്തെ വൈദ്യുതി ലൈനുകളും ഫൈബര്‍ കേബിളുകളും വ്യാപകമായി നശിച്ചു.
ഒടിഞ്ഞുവീണ പോസ്റ്റ് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതിനും നാശമുണ്ടായി. മരം വീഴുന്ന സമയത്ത് ഇതിലേ കടന്നുപോയ ബൈക്ക് യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.