കടുത്തുരുത്തി റെയിൽവേ മേൽപാലം: 21 പേർക്ക് ഭൂമി നഷ്ടപ്പെടും
text_fieldsrepresentative image
കോട്ടയം: കടുത്തുരുത്തി റെയിൽവേ മേൽപാലത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ 21 സ്വകാര്യ വ്യക്തികൾക്ക് ഭൂമി നഷ്ടപ്പെടും. പൈനാപ്പിൾ, കപ്പ കൃഷി സ്ഥലങ്ങൾ ഒഴിച്ചാൽ താമസസ്ഥലങ്ങളെയാണ് പദ്ധതി കൂടുതൽ ബാധിക്കുന്നതെന്നും സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ടിൽ കണ്ടെത്തൽ.കേരള വളന്ററി ഹെൽത്ത് സർവിസസാണ് പഠനം നടത്തിയത്. വൈക്കം താലൂക്കിലെ കടുത്തുരുത്തി, മുട്ടുചിറ വില്ലേജുകളിൽ ഉൾപ്പെടുന്ന 55.01 ആർ ഭൂമിയാണ് മേൽപാലത്തിനും അനുബന്ധ റോഡിനും ആവശ്യം.
കല്ലറ അടിച്ചിറ റോഡിന് ഇരുവശത്തും ഇപ്പോഴത്തെ കടുത്തുരുത്തി റെയിൽവേ ക്രോസിന് സമീപത്ത് താമസിക്കുന്നവരാണ് ഭൂമി നഷ്ടമാവുന്ന 21 പേർ. ഒരാളുടെ വീടും മറ്റൊരാളുടെ വാടകവീടും പൂർണമായി നഷ്ടപ്പെടും. രണ്ട് വീടിനെ ഭാഗികമായി ബാധിക്കും. അഞ്ച് വീടിന്റെ തൊട്ടടുത്തുകൂടിയാണ് പാത പോവുക.
ഇപ്പോഴത്തെ ലെവൽ ക്രോസിനോടനുബന്ധിച്ച് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി നടപ്പാകുമ്പോൾ ഈ കടകൾക്ക് വലിയ വ്യാപാരനഷ്ടം സംഭവിക്കും. കടകളുടെ പുനരധിവാസവും പദ്ധതിയുടെ പ്രത്യാഘാത ലഘൂകരണത്തിൽ ഉൾപ്പെടുത്തണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. ന്യായമായ നഷ്ടപരിഹാരം നൽകിയും സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചും പ്രത്യാഘാതം കുറക്കണമെന്നും റിപ്പോർട്ട് പറയുന്നു.
മുട്ടുചിറ-കല്ലറ റോഡിൽ 30 കോടി രൂപ മുതൽമുടക്കിലാണ് മേൽപാലം നിർമിക്കുന്നത്. റെയിൽവേയുടെ ഭൂമിയും സർക്കാറിന്റെ ഭൂമിയും പദ്ധതി പ്രദേശത്തു വരുന്നുണ്ട്. കടുത്തുരുത്തി റെയിൽവേ സ്റ്റേഷനും ഇപ്പോഴുള്ള ലെവൽ ക്രോസിനും ഇടയിലൂടെ മുട്ടുചിറ-കല്ലറ റോഡിൽനിന്ന് ആരംഭിച്ച് അതേ റോഡിൽ ഒരു കിലോമീറ്റർ മാറി അവസാനിക്കുന്ന വിധമാണ് മേൽപാലം നിർമിക്കുക. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണം.സ്പെഷൽ തഹസിൽദാർ എൽ.എ (കിഫ്ബി) വൈക്കം ഓഫിസാണ് പദ്ധതി സംബന്ധമായ നടപടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

