കുമരകത്തിന് കരുത്താകാൻ കെ-ഹോംസ്
text_fieldsകുമരകത്ത് സൈക്കിളിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ
കോട്ടയം: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച കെ-ഹോംസ് നാടിന് കരുത്താവുമെന്ന പ്രതീക്ഷയിൽ ടൂറിസം ഗ്രാമമായ കുമരകം. പത്ത് കിലോമീറ്റർ ചുറ്റളവിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം.
കുമരകത്ത് അടഞ്ഞുകിടക്കുന്നവ കുറവാണെങ്കിലും വാടകക്ക് നൽകിയ വീടുകൾ നിരവധിയുണ്ട്. കൈപ്പുഴ, നീണ്ടൂർ ഭാഗങ്ങളിൽ റിസോർട്ട് പോലെ തോന്നിക്കുന്ന നിരവധി വീടുകൾ ഉടമസ്ഥർ നാട്ടിലില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഹോംസ്റ്റേ ആരംഭിക്കുന്നതോടെ ഇത്തരം വീടുകളുടെ പരിപാലനത്തോടൊപ്പം വീട്ടുകാർക്ക് വരുമാനവുമാവും.
നിലവിൽ കുമരകത്തും പരിസരപ്രദേശങ്ങളിലും നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. വൻകിട റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കുന്നവരല്ലാതെ ഹോംസ്റ്റേയിലെ വീട്ടന്തരീക്ഷം ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത്തരക്കാർക്ക് കെ-ഹോംസ് ഉപകാരപ്രദമാവും. കെ-ഹോംസ് നടത്തിപ്പിലൂടെ വരുമാനമാർഗമാവുമെന്നതാണ് തദ്ദേശവാസികൾക്ക് പ്രതീക്ഷ നൽകുന്നത്. നിലവിൽ ഉത്തരവാദ ടൂറിസം പദ്ധതി വഴി തദ്ദേശീയർക്ക് തൊഴിലും വരുമാനവും നൽകാൻ കഴിയുന്നുണ്ട്. കെ-ഹോംസ് വരുന്നതോടെ സാമ്പത്തികമായി മെച്ചപ്പെടാനാകുമെന്നാണ് ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും നിറഞ്ഞ ഗ്രാമത്തിന്റെ പ്രതീക്ഷ.
അതേസമയം, കെ-ഹോംസ് റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും വെല്ലുവിളിയാകുമെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്. എന്നാൽ, സർക്കാർ പദ്ധതി ആയതിനാൽ വൻകിട റിസോർട്ടുകൾക്ക് കെ-ഹോംസ് ഭീഷണിയാവാൻ വഴിയില്ലെങ്കിലും പെരുകിക്കൊണ്ടിരിക്കുന്ന അനധികൃത ഹോംസ്റ്റേകൾക്ക് തടയിടാൻ കഴിഞ്ഞേക്കും. കുമരകം അടക്കം സ്ഥലങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി കെ-ഹോംസ് പദ്ധതി നടപ്പാക്കുന്നതിന് പ്രാരംഭചെലവുകൾക്ക് അഞ്ചുകോടിയാണ് വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

