ജവഹർ ബാലഭവൻ അധ്യാപകരുടെ സമരം 16-ാം ദിവസത്തിലേക്ക്
text_fieldsഅധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജവഹർ ബാലഭവൻ ജീവനക്കാർ നടത്തിയ പ്രതിഷേധത്തിന്റെ 15ആം ദിവസം കൂട്ടായ്മ പ്രതിനിധി എം.പി. മുഹമ്മദ് അഷറഫ് സംസാരിക്കുന്നു
കോട്ടയം: ജവഹർ ബാലഭവനെ പബ്ലിക് ലൈബ്രറിയിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെയും അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും ബാലഭവൻ അധ്യാപകർ നടത്തുന്ന സമരം 16ആം ദിവസത്തിലേക്ക്. ഹാർമോണിയം, ഓർഗൻ അധ്യാപകൻ പി.ജി. ഗോപാലകൃഷ്ണൻ, ചിത്രകല അധ്യാപകൻ ചെങ്ങളം ഹരിദാസ് എന്നിവരെയാണ് പബ്ലിക് ലൈബ്രറിയെ അപകീർത്തിപ്പെടുത്തി, വൈസ് ചെയർമാനെ ധിക്കരിച്ചു എന്നീ കാരണങ്ങൾ കാട്ടി പിരിച്ചുവിട്ടത്. ലൈബ്രറിക്കെതിരെ വാർത്തസമ്മേളനത്തിൽ സംസാരിച്ചവരാണ് ഇവർ. ഇതിനെതിരെ എല്ലാ അധ്യാപകരും ക്ലാസ് ബഹിഷ്കരിച്ചാണ് രാവിലെ മുതൽ ഉച്ച വരെ സമരം നടത്തുന്നത്.
52 വർഷമായി ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലഭവനെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് ലൈബ്രറി അധികൃതരും ബാലഭവൻ ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിന് തുടക്കം. നിലവിലെ ഡയറക്ടർ ബോർഡിന്റെ വീഴ്ചമൂലം ബാലഭവൻ പ്രവർത്തനം പ്രതിസന്ധിയിലാണെന്നാണ് ലൈബ്രറി അധികൃതരുടെ വാദം.
ബാലഭവൻ ലൈബ്രറി കെട്ടിടത്തിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തുനൽകുകയും ഇതനുസരിച്ച് സാംസ്കാരിക വകുപ്പ് കലക്ടറോട് നഗരസഭ പരിധിയിൽ വാടകക്കെട്ടിടം കണ്ടെത്താൻ നിർദേശം നൽകിയെന്നും ലൈബ്രറി ഭാരവാഹികൾ പറയുന്നു. എന്നാൽ, ഇത്തരത്തിൽ കത്ത് നൽകിയിട്ടില്ലെന്നാണ് ബാലഭവൻ ജീവനക്കാർ പറയുന്നത്. ഇതിനിടെയാണ് രണ്ട് അധ്യാപകരെ പിരിച്ചുവിട്ടത്.
ലൈബ്രറി വൈസ് ചെയർമാൻ വിളിച്ച യോഗത്തിൽ അധ്യാപകർ പങ്കെടുത്തിരുന്നില്ല. ഒറ്റക്കൊറ്റക്ക് കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ബാലഭവൻ ജീവനക്കാർ പറയുന്നു. മാത്രമല്ല, യോഗത്തിൽ ചെയർമാനോ എക്സിക്യൂട്ടിവ് ഡയറക്ടറോ ഉണ്ടായിരുന്നില്ല. 10 അംഗ ഡയറക്ടർ ബോർഡിലെ നാലുപേർ മാത്രമാണ് ആ യോഗത്തിലുണ്ടായിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതെ വൈസ് ചെയർമാനെ ധിക്കരിച്ചു എന്നു കാട്ടി അധ്യാപകരെ പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട രണ്ടുപേരും വിരമിച്ച ശേഷം പാർട് ടൈം ആയി ജോലിചെയ്യുന്നവരാണ്. സർക്കാർ നിയമനം വൈകുന്നതിനാലാണ് വിരമിച്ചവരെ വെച്ച് ക്ലാസ് നടത്തുന്നത്. 13 അധ്യാപകരിൽ ഏഴുപേരും വിരമിച്ചവരാണ്.
പിരിച്ചുവിടലിനെതിരെ മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, കലക്ടർ, സ്ഥലം എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ലൈബ്രറിയുടെ ഒരേക്കർ 12 സെന്റ് സ്ഥലത്താണ് ബാലഭവൻ പ്രവർത്തിക്കുന്നത്. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി.സി കിഴക്കേമുറിയുടെ നേതൃത്വത്തിലാണ് നിലവിലെ കെട്ടിടം നിർമിച്ചത്.
ബാലഭവൻ സർക്കാർ ഏറ്റെടുക്കണം
കോട്ടയം: ബാലഭവൻ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണമെന്നും നിലവിലെ ലൈബ്രറി കെട്ടിടത്തിൽ തന്നെ തുടരണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെട്ടു. ബാലഭവനെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്നും ഇവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

