മഞ്ഞപ്പിത്തം പടരുന്നു; തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ...
text_fieldsകോട്ടയം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ വർഷം സ്ഥിരീകരിച്ച 195 ഹെപ്പറ്റൈറ്റിസ് എ കേസും സംശയാസ്പദമായ 388 കേസും ഉൾപ്പെടെ 583 കേസും സ്ഥിരീകരിച്ച അഞ്ചുമരണങ്ങളും സംശയാസ്പദമായ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയാറാക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായി കണ്ടെത്തിയിട്ടുള്ളത്.
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരും. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയാറാക്കുമ്പോഴും ആഹാരം പങ്കിട്ടുകഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗലക്ഷണങ്ങൾ കണ്ടാലുടനെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം.
പ്രതിരോധ മാർഗങ്ങൾ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക
- തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്
- പുറത്തുപോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതുക
- ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക
- കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീന രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക
- കൃത്യമായ ഇടവേളകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
- മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക
- വൃത്തിഹീന സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതള പാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
- പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
- ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുക
- രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളജുകളിലും ജോലി സ്ഥലങ്ങളിലും മറ്റും ഭക്ഷണവും വെള്ളവും പങ്കുവെക്കുന്നത് ഒഴിവാക്കുക
- ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതള പാനീയങ്ങളിൽ ഉപയോഗിക്കുക
- രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

