മാനദണ്ഡങ്ങൾ ലംഘിച്ച് മെഡിക്കൽ കോളജ് എച്ച്.ഡി.എസ് മാനേജർ നിയമനമെന്ന് ആക്ഷേപം
text_fieldsകോട്ടയം: മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റി മാനേജറുടെ (എച്ച്.ഡി.എസ്) നിയമനം സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം.
വളരെമോശമായ സാമ്പത്തികസ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ചുള്ള നിയമനമെന്നും ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽകോളജ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയെ മാനേജറായി നിയമിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് വിവിധ സർവിസ് സംഘടന നേതാക്കൾ ആരോപിക്കുന്നു.
മെഡിക്കൽകോളജിലും മറ്റു ജില്ലകളിലും സ്റ്റേഷൻ സീനിയറായ ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോഴാണ് ആശുപത്രി അധികൃതരുടെ ശിപാർശ പ്രകാരം ആരോഗ്യമന്ത്രിയുടെ ഓഫിസ് ലോബി വഴി ഈ നിയമനം നടത്തിയെടുത്തതെന്ന് അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമായിരുന്നു നാളിതുവരെ എച്ച്.ഡി.എസ് മാനേജർ തസ്തികയുണ്ടായിരുന്നത്. എന്നാൽ, കോട്ടയം മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യപ്രകാരം ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക താല്പര്യമെടുത്ത് പുതിയ തസ്തികയുണ്ടാക്കി ഇഷ്ടക്കാരനെ നിയമിച്ചതെന്നും ഇവർ ആരോപിക്കുന്നു.
എച്ച്.ഡി.എസ് ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ കെടുകാര്യസ്ഥത നിലനിൽക്കുമ്പോഴാണ് പുതിയ തസ്തിക സൃഷ്ടിച്ചതെന്നും മുൻവർഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന എച്ച്.ഡി.എസ് ഈ പുതിയ നിയമനം വഴി കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ആക്ഷേപമുണ്ട്.
പേയിങ് കൗണ്ടർ വഴി മരുന്നുകൾ വിതരണം ചെയ്ത വകയിൽ പല സ്വകാര്യ മരുന്ന് കമ്പനികൾക്കും കോടിക്കണക്കിന് രൂപയാണ് നൽകാനുള്ളത്. എച്ച്.ഡി.എസ്ജീവനക്കാരുടെ ശമ്പളം പോലും യഥാ സമയം നൽകാതെ സർക്കാറിൽനിന്ന് ലഭിക്കുന്ന മറ്റ് പല ഫണ്ടുകളും വകമാറ്റിയാണ് നൽകി കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ മാസവും ഫണ്ട് വക മാറ്റിയാണ് ശമ്പളം നൽകിയതെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

