തിരുനക്കര സ്റ്റാൻഡിൽ ബസുകൾ കടത്തിവിടാൻ തീരുമാനം
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലൂടെ 15മുതൽ ബസുകൾ കടത്തിവിടാൻ കൗൺസിൽ തീരുമാനം. പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിലെ ടാക്സി സ്റ്റാൻഡും താൽക്കാലികമായി തിരുനക്കരയിലേക്കു മാറ്റും.
ഇതോടെ തിരുനക്കര സ്റ്റാൻഡിലെ പേ ആൻഡ് പാർക്കിങ് ഒഴിവാകും. തിരുനക്കരയിലെ കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പാർക്കിങ് ആരംഭിച്ചത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്നാണ് കൗൺസിൽ ഈ വിഷയം ചർച്ചക്കെടുത്തത്.
സ്റ്റാൻഡ് അളന്നുതിരിക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും സർവേയർ സ്ഥലം മാറിപ്പോയതിനാൽ പകരം ആളില്ലാത്തതാണ് കാരണമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
സർവേയർ എത്തിയാലുടൻ അളന്നുതിരിക്കും. നേരത്തേ ബസുകൾ സ്റ്റാൻഡിനകത്തുകൂടിയാണ് പോയിരുന്നത്. എന്നാൽ, കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഇത് നിർത്തിവെച്ച് കച്ചവടക്കാരെയും ടാക്സിക്കാരെയും ഒഴിപ്പിക്കുകയായിരുന്നു.
കെട്ടിടം പൊളിച്ചശേഷവും ബസുകൾ കയറ്റാത്തതുമൂലം യാത്രക്കാർ വലയുകയായിരുന്നു. സ്റ്റാൻഡിനു പുറത്ത് തോന്നുന്നിടത്താണ് ബസുകൾ നിർത്തിയിരുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവായിരുന്നു. കാത്തിരിപ്പുകേന്ദ്രവും ഉണ്ടായിരുന്നില്ല. നിലവിൽ സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങളില്ല. ഒരു ഭാഗത്ത് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കാനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

