ലോകത്തിന്‍റെ തിരശ്ശീല കോട്ടയത്തിനു മുന്നിൽ
text_fieldsകോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ ‘സിറാതി’ൽ നിന്നുള്ള രംഗം
കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തിന്‍റെ മുന്നിൽ ലോകസിനിമയുടെ തിരശ്ശീല നിവരുന്നു. വെള്ളിയാഴ്ച മുതൽ ലോകചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ സിനിമകളുടെ പ്രദർശനത്തോടെ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് അനശ്വര തിയേറ്ററിൽ തുടക്കമാവും. ഇനി ഒരാഴ്ചക്കാലം നഗരത്തിന് ചലച്ചിത്ര വസന്തം. ഈ മാസം 26 വരെയാണ് മേള നടക്കുക. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര മേള നടത്തുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കാൻ, വെനീസ് അടക്കം വിവിധ ചലച്ചിത്ര മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ കോട്ടയത്തിന്‍റെ ചലച്ചിത്ര പൈതൃകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. 20ന് വൈകീട്ട് 4.45ന് അനശ്വര തിയറ്ററിൽ മന്ത്രി വി.എൻ. വാസവൻ മേളക്ക് തിരിതെളിക്കും. പ്രശസ്‌ത സംവിധായകൻ എം.പി. സുകുമാരൻ നായർ മുഖ്യാതിഥിയാകും. രാവിലെ 9.30ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് എൻ.എഫ്.ഡി.സി പാക്കേജ് ഉദ്ഘാടനം ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം 4.45ന് ഓപ്പൺ ഫോറം നടക്കും. 21ന് പ്രശസ്‌ത സംവിധായകൻ അരവിന്ദന്‍റെ ഓർമകൾക്ക് ആദരമായാണ് ഓപ്പൺ ഫോറം നടക്കുക. 26ന് വൈകുന്നേരം 4.45ന് സമാപന സമ്മേമ്മളനം നടക്കും.മുതിർന്നവർക്ക് 700 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 500 രൂപ യുമാണ് ഡെലിഗേറ്റ് ഫീസ്. കോട്ടയം അനശ്വര തിയറ്ററിലും ഫെസ്‌റ്റിവൽ ഓഫിസിൽ നിന്നു ലഭിക്കും. ഫെസ്റ്റിവൽ രക്ഷാധികാരി ജൂബിലി ജോയി തോമസ്, പ്രസിഡന്റ് സംവിധായകൻ ജയരാജ്, സെക്രട്ടറി പ്രദീപ് നായർ, ട്രഷറർ സജി കോട്ടയം, ജന. കൺവീനർ, വിനോദ് ഇല്ലംമ്പള്ളി എന്നിവർ സംസാരിച്ചു.
സിറാത് ഉദ്ഘാടന ചിത്രം
കോട്ടയം: നരകത്തിനും സ്വർഗത്തിനുമിടയിലെ നൂൽപ്പാലത്തെ വിശേഷിപ്പിക്കുന്നതാണ് സിറാത്. കാണാതായ മകളെ തേടി ഒരച്ഛനും സഹോദരനും നടത്തുന്ന മരുഭൂയാത്രയിലൂടെ ആഭ്യന്തര കലാപത്തിന്‍റെ നരകത്തീയാളുന്ന മൊറോക്കോയെ വരച്ചുകാണിക്കുന്ന ചിത്രമാണ് ‘ഒളിവർ ലാക്സെ’ സംവിധാനം ചെയ്ത സിറാത്. 78ാമത് കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ സിറാത് ആണ് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്നു മാത്രമേ ഈ സിനിമ കണ്ടു തീർക്കാനാവൂ.
ഡാനിഷ് - നോർവീജിയൻ സംവിധായകനായ ജോഷിം ട്രിയറുടെ ‘സെന്‍റിമെന്‍റൽ വാല്യൂ’ ആണ് സമാപന ചിത്രം. കാൻ ഫെസ്റ്റിവലിൽ ഗ്രാന്‍റ് പ്രീ പുരസ്കാരം നേടിയ ചിത്രമാണിത്. ജാപ്പനീസ് ചിത്രമായ ‘ടൂ സീസൺസ്, ടൂ സ്ട്രെയിഞ്ചേഴ്സ്’, ശ്രീലങ്കൻ ചിത്രമായ ‘റിവർ സ്റ്റോൺ’ എന്നിവയും ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മലയാളത്തിൽ ‘കോട്ടയം സിനിമാ പൈതൃകം’ എന്ന വിഭാഗത്തിൽ എഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘എബ്ബ്’ ആണ് ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ‘പ്രൈവറ്റ്’, ‘ഭൂതലം’, ശേഷിപ്പുകൾ, ദൈവത്താൻകുന്ന്, തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. നവമലയാള സിനിമ വിഭാഗത്തിൽ തീയറ്റർ, ആദി സ്നേഹത്തിന്‍റെ വിരുന്നു മേശ, ചാവുകല്യാണം എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ദേശീയ അവാർഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള 10ഓളം സിനിമകളും മേളയിലുണ്ട്.
ആദ്യമാണ് ദേശീയ അവാർഡ് ചിത്രങ്ങൾ ഒരുമിച്ച് പ്രദർശനത്തിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓസ്‌കറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയിൽ പ്രദർശനത്തിന് ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

