പരിശോധന കർശനമാകുന്നില്ല; തീൻമേശയിൽ എത്തുന്നത് ഗുണമില്ലാത്ത ഇറച്ചി
text_fieldsകോട്ടയം: മലയാളികളുടെ തീൻമേശയിലെത്തുന്ന ഭൂരിഭാഗം ആട്ടിറച്ചിയും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്, ഇതാകട്ടെ മൃഗസംരക്ഷണവകുപ്പിന്റെ കണ്ണ് വെട്ടിച്ചും. വലിയ തുക നൽകി രോഗബാധയുള്ള ഇറച്ചി കഴിക്കേണ്ട ഗതികേടിലാണ് മലയാളികൾ. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിലെ പ്രധാനവിപണികളിലക്കം ആടുകളെ എത്തിക്കുന്നത്.
കിലോക്ക് 200 രൂപ നിരക്കിലാണ് പ്രതിരോധ വാക്സിനേഷൻ പോലും നൽകാതെ ഇവയെ അവിടെ നിന്ന് എത്തിക്കുന്നത്. ഇവിടെ കിലോക്ക് ആയിരം രൂപ നിരക്കിലാണ് ഇറച്ചി വിൽപന. ഇത്രയും വിലക്ക് വിൽകുന്ന ഇറച്ചിക്കായി എത്തിക്കുന്ന ആടുകളിൽ പരിശോധന കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ആടുകളെ എത്തിക്കുന്നത്.
250ലധികം ആടുകളെ കുത്തിനിറച്ചും യാതൊരു അടച്ചുറപ്പുമില്ലാതെയുമാണ് ലോറികൾ അതിർത്തികടക്കുന്നത്. തിങ്ങിഞെരിഞ്ഞ് എത്തുന്നവയിൽ നിരവധി ആടുകൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും ചത്തുപോകുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നിന്ന് കോട്ടയത്ത് എത്തിച്ച ലോഡിൽ മുപ്പതോളം ആടുകൾ ചത്തിരുന്നു. പാലക്കാട് ജില്ലയിലും സമാന സംഭവമുണ്ടായിട്ടുണ്ട്. അവിടെ ചത്ത ആടുകളെ വനത്തിൽ മറവ് ചെയ്യാനുള്ള ശ്രമം വനം വകുപ്പ് അധികൃതർ തടഞ്ഞതും വാർത്തയായിരുന്നു.
മഴക്കാലം ആരംഭിച്ചാൽ ആടുകൾ ചാകുന്നത് ഇനിയും വർധിക്കും. കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ച സാഹചര്യത്തിൽ ആട്ടിറച്ചിക്ക് ആവശ്യക്കാർ കൂടുതലാണ്. ഇത് മുൻനിർത്തി വൻതോതിൽ ആടുകളെ എത്തിക്കും. തീൻമേശയിൽ എത്തുന്ന ആട്ടിറച്ചിക്ക് രോഗബാധയോ വിഷാംശമോ ഉണ്ടാവാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

