വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന; 271 ക്രമക്കേടുകൾ; 2.18 ലക്ഷം പിഴ
text_fieldsതിരുവാതുക്കൽ, ഇല്ലിക്കൽ പ്രദേശങ്ങളിൽ സംയുക്ത സ്ക്വാഡ് നടത്തിയ പരിശോധന
കോട്ടയം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പച്ചക്കറി, പലചരക്ക് വ്യാപാരസ്ഥാപനങ്ങളിലെ ക്രമക്കേടുകൾ തടയുന്നതിനുമായി ജില്ലയിൽ സംയുക്ത സ്ക്വാഡ് ഇതുവരെ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 271 ക്രമക്കേടുകൾ. 2,18,000 രൂപ പിഴയായി ഈടാക്കി.ലീഗൽ മെട്രോളജി വകുപ്പ് 1,88,000 രൂപയും ഭക്ഷ്യസുരക്ഷാവകുപ്പ് 30,000 രൂപയുമാണ് പിഴ ഈടാക്കിയത്. മൊത്തം 596 വ്യാപാരസ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയ 271 കേസുകളിൽ 218 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകാനുള്ള നടപടികളും സിവിൽ സപ്ലൈ വകുപ്പ് ആരംഭിച്ചു. കലക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്ക്വാഡ് ജൂലൈ 13 മുതലാണ് ജില്ലയിലെ അഞ്ചുതാലൂക്കുകളിലും പരിശോധന ശക്തമാക്കിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന.
ശനിയാഴ്ച ജില്ലയിൽ 117 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 63 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി. 41000 രൂപ പിഴയീടാക്കി. കോട്ടയം താലൂക്കിൽ 27 കടകളിൽ നടന്ന പരിശോധനയിൽ 20 ഇടത്തും ചങ്ങനാശ്ശേരിയിൽ 25 കടകളിൽ 14 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 31 കടകളിൽ ഏഴിടത്തും മീനച്ചിലിൽ 18 കടകളിൽ 12 ഇടത്തും വൈക്കം താലൂക്കിൽ 16 കടകളിൽ പത്തിടത്തും ക്രമക്കേട് കണ്ടെത്തി.
ആദ്യദിവസം 108 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു.ജൂലൈ 14ന് നടന്ന പരിശോധനയിൽ 64 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി; 56,000 രൂപ പിഴയീടാക്കി. 15ന് നടന്ന പരിശോധനയിൽ 50 ഇടത്ത് ക്രമക്കേട് കണ്ടെത്തി, 34,000 രൂപ പിഴയീടാക്കി. 21ന് നടന്ന പരിശോധനയിൽ 44 ഇടത്തു ക്രമക്കേട് കണ്ടെത്തി 52,000 രൂപ പിഴയീടാക്കി.ഓണക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനും പരിശോധന തുടരുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

