വേനൽച്ചൂടേറുന്നു: വേണം ശ്രദ്ധ 'ഇഴഞ്ഞെത്താം’ അപകടം
text_fieldsകോട്ടയം: വേനൽ കനത്തതിനൊപ്പം ജനവാസമേഖലകളിലേക്ക് എത്തുന്ന പാമ്പുകളുടെ എണ്ണത്തിലും വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 248 പാമ്പുകളെയാണ് ജില്ലയിലെ വിവിധ ജനവാസ മേഖലകളിൽനിന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയ പാമ്പുപിടിത്തക്കാർ പിടികൂടിയത്.പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാൻ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തി ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷനായ ‘സർപ്പ’യിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. ഇതിന് പുറത്തുള്ളതുകൂടി കണക്കിലെടുക്കുമ്പോൾ എണ്ണം ഇനിയും വർധിക്കാമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഡിസംബർ, ജനുവരി, ഫ്രെബ്രുവരി മാസങ്ങൾ പാമ്പുകളുടെ ഇണ ചേരൽ കാലം കൂടിയാണ്. ഇതിനൊപ്പം ചൂടും വർധിച്ചതാണ് പാമ്പുകൾ കൂടുതലായി ജനവാസകേന്ദ്രങ്ങളിലേക്ക് എത്താൻ കാരണം.ഇണചേരൽ കാലം അവസാനിച്ചതോടെ കുറവുണ്ടാകാമെങ്കിലും തണുപ്പ് തേടി പാമ്പുകൾ എത്തുന്നത് തുടരുമെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തായി മൂർഖൻ പാമ്പുകളെ കൂടുതലായി കാണുന്നുവെന്ന പരാതികളും ഇവർ തള്ളുകയാണ്.
എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല. മൂർഖൻ പാമ്പുകൾ കഴിഞ്ഞിരുന്ന കൽക്കെട്ടുകളും മാളങ്ങളും വിവിധ നിർമാണപ്രവർത്തനങ്ങൾക്കും മറ്റുമായി പൊളിച്ചുനീക്കുകയാണ്. ഇതോടെയാണ് ഇവ കൂടുതലായി ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തുന്നത്- അധികൃതർ വിശദീകരിക്കുന്നു.കഴിഞ്ഞവർഷം 755 പാമ്പുകളെ ജനവാസ മേഖലയിൽനിന്ന് പിടികൂടിയിരുന്നു. വീടുകൾക്ക് സമീപം പാമ്പുകളെ കണ്ടാൽ ‘സർപ്പ’ അപ്പിൽ നൽകിയിരിക്കുന്ന മൊബൈല് നമ്പറിൽ ബന്ധപ്പെടാമെന്നും ‘റെസ്ക്യു’ സംഘം അവിടെയെത്തി പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
വനംവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് പേരാണ് ജില്ലയിൽ പാമ്പ് കടിയേറ്റ് മരിച്ചത്. 2023-’24 ൽ മൂന്നുപേർ മരണപ്പെട്ടപ്പോൾ 35 പേർക്കാണ് പാമ്പ് കടിയേറ്റത്. 2024-25ൽ മൂന്നുപേർ മരണപ്പെട്ടപ്പോൾ 54 പേർക്കാണ് കടിയേറ്റത്. സംസ്ഥാനത്താകെ 31 പേരും മരിച്ചു.
കരുതൽ വേണം...
- വീടിന് സമീപം ചപ്പുചവറുകൾ കൂട്ടിയിടരുത്. ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് പാമ്പുകൾ തണുപ്പ് തേടി എത്താൻ സാധ്യതയുണ്ട്.
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വസ്തുക്കൾ വീടിന്റെ പരിസരത്ത് കൂട്ടിയിടരുത്.
- ഷൂസ് പോലുള്ളവ നന്നായി പരിശോധിച്ച ശേഷം മാത്രം ധരിക്കുക. ഇതിൽ പാമ്പുകൾ കയറിയിരിക്കാൻ സാധ്യതയുണ്ട്.
- വീടിനോട് ചേർന്ന് വിറകുകൾ കൂട്ടിയിടരുത്.
- വീടിന്റെ തറയോട് ചേർന്നുള്ള ചെടിച്ചട്ടികൾ എപ്പോഴും ശ്രദ്ധിക്കുക. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനാൽ ഇവിടുത്തെ തണുപ്പ് തേടി പാമ്പുകളെത്തിയേക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

