മധ്യവയസ്കന് മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsവി. അനീഷ് , പ്രസീദ്
പള്ളിക്കത്തോട്: ചികിത്സയിലിരിക്കെ മധ്യവയസ്കന് മരിച്ച കേസിൽ വാഴൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പള്ളിക്കത്തോട് സ്വദേശി സുധീപ് എബ്രഹാമാണ് (52) കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വാഴൂർ ചെങ്കൽപള്ളി പുത്തൻപുരയിൽ വീട്ടിൽ വി. അനീഷ് (39), വാഴൂർ പനപ്പുഴ പടന്നമക്കൽ വീട്ടിൽ പ്രസീദ് (52) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സുധീപ് വീട്ടില്‍ പോകുന്നതിന് അനീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കയറുകയും വീട്ടിലേക്ക് പോകാതെ ഇയാളുടെ വീടിന് സമീപം റോഡില്‍ ഓട്ടോ നിര്‍ത്തുകയും ആയിരുന്നു. എന്നാല്‍, വീട്ടിലേക്ക് വണ്ടിവിടാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അനീഷും ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന പ്രസീദും വിസമ്മതിച്ചു. ഇതിന്റെ പേരിൽ സുധീപുമായി വാക്കുതർക്കമുണ്ടായി. തുടർന്ന്, സവാരി തുടങ്ങിയ സ്ഥലത്ത് തിരികെവിടാമെന്ന് പറഞ്ഞ് അനീഷും പ്രസീദും ഒന്നാംമൈൽ ഷാപ്പിന് സമീപം സുധീപിനെ തിരികെയെത്തിച്ചു. അവിടെവെച്ച് ഇവർ തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും മരംവെട്ട് ജോലികൂടി ചെയ്തിരുന്ന അനീഷ് തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലവാങ്ക് ഉപയോഗിച്ച് സുധീപിനെ അടിക്കുകയും ചെയ്തു. നിലത്തുവീണ ഇയാളുടെ നെഞ്ചിന് ചവിട്ടിയതിന്റെ ആഘാതത്തിൽ ഇരുവശങ്ങളിലായി ഏഴോളം വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവവും ഉണ്ടാവുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇരുവരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പരിക്കേറ്റ് മെഡിക്കൽ കോളജിൽ എത്തിച്ച സുധീപ് ആന്തരിക രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസെടുക്കുകയും അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
പള്ളിക്കത്തോട് എസ്.എച്ച്.ഒ എബി എം.പി, എസ്.ഐമാരായ രമേശൻ, ശിവപ്രസാദ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ സുഭാഷ് ഐ.കെ, സക്കീർ ഹുസൈൻ, ശ്രീജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

