തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനത്തിന് മുമ്പ് 'പൊടിപൊടിച്ച്’ ഉദ്ഘാടനമാമാങ്കം
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ ഉദ്ഘാടന മാമാങ്കമാണ്. മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി ഇനി സംവരണ വാർഡ് നറുക്കെടുപ്പ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കും. നഗരസഭയിലും ജില്ല പഞ്ചായത്തിലും ഭരണമാറ്റം ഉൾപ്പെടെയുണ്ടാകുമോയെന്ന വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ വളരെ കരുതലോടെയുള്ള പ്രവർത്തനങ്ങളിലാണ് മുന്നണികൾ.
സ്ഥാനാർഥി നിർണയം, സീറ്റ് വിഭജനം ഉൾപ്പെടെ കാര്യങ്ങളിലേക്ക് മുന്നണികൾ കടന്നിട്ടുണ്ട്. വാർഡ് വിഭജനം ഉൾപ്പെടെ പൂർത്തിയായതും ചിലയിടങ്ങളിൽ വാർഡുകളുടെ എണ്ണം വർധിച്ചതുമൊക്കെ മുന്നണികളിൽ പ്രതീക്ഷകളും ആശങ്കയും ഒരുപോലെ സൃഷ്ടിച്ചിട്ടുണ്ട്.
തദ്ദേശ സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇത് സ്ഥാനാർഥി മോഹികളെയും മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. സംവരണക്രമം നിശ്ചയിച്ച് കഴിഞ്ഞാൽ മാത്രമേ ആർക്കൊക്കെ എവിടെയൊക്കെ മത്സരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരൂ. ഈമാസം 13 മുതൽ 21 വരെ രാവിലെ പത്തിന് കലക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിലാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ്.
നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും പഞ്ചായത്തുകളിലേത് 13 മുതൽ 16 വരെയും ബ്ലോക്ക് പഞ്ചായത്തിന്റേത് 18നും, ജില്ലപഞ്ചായത്തിന്റേത് 21നുമാണ് നടക്കുക. 13ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ, 14ന് ളാലം, ഉഴവൂർ, മാടപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, 15ന് ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകൾ, 16ന് വാഴൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നറുക്കെടുപ്പ് നടക്കും.
സംവരണസീറ്റുകൾ നിർണയിക്കുന്നതിനാണ് നറുക്കെടുപ്പ്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കുപ്പായം തയ്പ്പിച്ചവരുൾപ്പെടെ പലരുടെയും ഉറക്കം കെടുത്തുന്നതാണ്. ഈ നറുക്കെടുപ്പ് പൂർത്തിയാകുമ്പോൾ ചിലർക്ക് സ്ഥാനാർഥിത്വം നഷ്ടപ്പെട്ടേക്കാം. പ്രതീക്ഷിക്കാത്ത പലരും സ്ഥാനാർഥികളായി വന്നെന്നുമിരിക്കാം.
നിലവിൽ മെമ്പർമാരായിരിക്കുന്ന പലർക്കും തന്റെ നിലവിലെ വാർഡ് ഉപേക്ഷിച്ച് പോകേണ്ടിയും വരും. അതിനിടെ പലയിടങ്ങളിലും മുന്നണികൾക്കിടയിലും തർക്കങ്ങൾ നിലവിലുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
നിലവിൽ കോട്ടയം നഗരസഭ യു.ഡി.എഫിന്റെയും ജില്ല പഞ്ചായത്ത് എൽ.ഡി.എഫിന്റെയും പക്കലാണ്. അതിൽ എന്തെങ്കിലും മാറ്റം വരുമോയെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. മുന്നണിയിലെ കരുത്തൻമാർ ആരാണെന്ന് ഓരോ പാർട്ടികൾക്കും തെളിയിക്കാനുള്ള അവസരമായി കൂടി ഈ തെരഞ്ഞെടുപ്പിനെ പാർട്ടികൾ കാണുന്നെന്നതാണ് മറ്റൊരു കാര്യം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ദിവസങ്ങൾക്കുള്ളിൽ വരുമെന്നറിയാമെന്നതിനാൽ പദ്ധതികളുടെ ഉദ്ഘാടനവും തകൃതിയായി നടക്കുകയാണ്. ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മന്ത്രിമാരെ ഉൾപ്പെടെ എത്തിച്ചാണ് ഉദ്ഘാടന മാമാങ്കം പൊടിപൊടിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫിസർമാർക്കും അസി. റിട്ടേണിങ് ഓഫിസർമാർക്കുള്ള പരിശീലനവും നാളെ പൂർത്തിയാകും. അതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല മാറും.
നറുക്കെടുപ്പ് 13 മുതൽ
13 മുതൽ 21 വരെ രാവിലെ പത്തിന് കലക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിലാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ്. നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും പഞ്ചായത്തുകളിലേത് 13 മുതൽ 16 വരെയും ബ്ലോക്ക് പഞ്ചായത്തിന്റേത് 18നും, ജില്ല പഞ്ചായത്തിന്റേത് 21നുമാണ് നടക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

