അടി തെറ്റിയാൽ അപകടം സുനിശ്ചിതം
text_fieldsനാഗമ്പടം ബസ് സ്റ്റാൻഡിൽ നടപ്പാതയിലെ സ്ലാബ് തകർന്ന നിലയിൽ
കോട്ടയം: ശ്രദ്ധയൊന്ന് പാളിയാൽ അപകടം സുനിശ്ചിതം, ഓരോ കാൽവെപ്പിലും സൂക്ഷ്മത അനിവാര്യം. നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ഓരോചുവടും സൂക്ഷിച്ചാണ് കടന്നുപോകുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡിന്റെ പ്രവേശനഭാഗത്തെ തകർന്നുകിടക്കുന്ന സ്ലാബ് യാത്രക്കാർക്ക് അപകടക്കെണിയായിട്ടും അധികൃതർ നിസ്സംഗതയിലാണ്. നാഗമ്പടം ബസ് സ്റ്റാൻഡിലാണ് ഓടക്ക് മുകളിൽ കമ്പി തെളിഞ്ഞ്, കോൺക്രീറ്റ് കഷ്ണങ്ങളായി കിടക്കുന്ന ഒരു സ്ലാബ്, മാസങ്ങളായി തകർന്ന കിടന്നിട്ടും പുതിയത് സ്ഥാപിക്കാൻ കഴിയാതെ യാത്രക്കാരെ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.
സ്റ്റാൻഡിന് സമീപത്തെ കാനയുടെ മീതെയുള്ള സ്ലാബ് തകർന്നുകിടക്കുന്നത് ബസ് ജീവനക്കാർക്കും യാത്രികർക്കും വലിയ ഭീഷണിയായിരിക്കുകയാണ്. വിദ്യാർഥികളും സ്ത്രീകളുമടങ്ങുന്ന നിരവധി യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. തിരക്കിട്ട് കടന്നുപോകുന്ന സ്ത്രീകളാണ് മിക്കപ്പോഴും അപകടത്തിൽപെടുന്നത്. ബസ് വിട്ടുപോകുന്നത് കണ്ട് ഓടിയടുക്കുന്ന യാത്രക്കാർ അപകടക്കുഴിയിൽ വീഴുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. വൃത്തിഹീനമായ ഓടക്ക് മീതെ തകർന്ന് സ്ലാബും അതിന് ചുറ്റും പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലുള്ള കമ്പികളും അപകടത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. പലതവണയായി അപകടത്തിൽ പരിക്കേൽക്കുന്നവരെ ബസ് സ്റ്റാൻഡിന് മുന്നിലെ ഓട്ടോറിക്ഷകളിലാണ് ആശുപത്രിയിലേക്ക് അയക്കുന്നത്.
ചുറ്റും കമ്പികൾ തള്ളിനിൽക്കുന്ന കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽപെടുന്നവരുടെ കാലിന് അസ്ഥിക്ക് പൊട്ടലുണ്ടാക്കുന്നതടക്കമുള്ള ഗുരുതര പരിക്കുകളാണ് ഏൽക്കുന്നത്. ഇത്തരത്തിൽ സ്റ്റാൻഡിന്റെ മിക്ക പരിസരങ്ങളിലും കാനയുടെ മീതെയുള്ള സ്ലാബുകൾ ഇളകിയനിലയിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്.
വാർഡ് കൗൺസിലർക്കും നഗരസഭക്കും നിരവധി തവണ പരാതികൾ പലവട്ടം നൽകിയെങ്കിലും ഇളകിക്കിടക്കുന്ന സ്ലാബ് മാറ്റിയിടാനുള്ള നടപടിയോ അപകടമൊഴിവാക്കാനുള്ള അനുകൂല നടപടികളോ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരസഭ ഇടപെട്ട് സ്റ്റാൻഡിന് ചുറ്റും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സ്ലാബുകൾ നീക്കംചെയ്ത് യാത്രാദുരിതമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

