വൈക്കത്ത് ഫർണിച്ചർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം
text_fields1. വൈക്കത്ത് ഫർണിച്ചർ നിർമാണ ഫാക്ടറിയിൽ തീ പടർന്നപ്പോൾ. 2. തീ അണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ
വൈക്കം: വൈക്കത്ത് ഫർണിച്ചർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇത്തിപ്പുഴ കല്ലോത്ത് കടവിനുസമീപം പ്രവർത്തിക്കുന്ന എം.എം ട്രേഡഴ്സ് എന്ന നിർമാണശാലയിലാണ് ഞായറാഴ്ച രാവിലെ 7.30ഓടെ തീപിടിത്തമുണ്ടായത്.
ഞായറാഴ്ച അവധിയായതിനാൽ ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വലിയ ദുരന്തം ഒഴിവായി. അലൂമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടം പൂർണമായി കത്തിനശിച്ചു. ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്ന നിർമാണം പൂർത്തിയാക്കിയിരുന്ന ഫർണിച്ചർ പൂർണമായി നശിച്ചു.
ഫർണിച്ചർ നിർമിക്കാനായി സൂക്ഷിച്ച തടി ഉരുപ്പടികൾ, വാതിലുകളുടെയും ജനലുകളുടെയും കർട്ടനുകൾ, ചവിട്ടികൾ, ടൗവലുകൾ, പെയിന്റ് കംപ്രസർ എന്നിവയും കത്തിനശിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കുലശേഖരമംഗലം വാഴക്കാല രാജേഷ്, സതിഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഇരുവരും സഹോദരന്മാരാണ്. ഫർണിച്ചർ ഓർഡറുകൾ അനുസരിച്ച് നിർമിച്ചുനൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. സെറ്റികൾ, കസേരകൾ അടക്കമുള്ളവയാണ് നശിച്ചവയിൽ ഏറെയും.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. വൻ ശബ്ദത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഉയരത്തിലേക്ക് തീ പടർന്നതിനൊപ്പം പുകയും പരിസരമാകെ നിറഞ്ഞു.
ഇതോടെ നാട്ടുകാർ ആശങ്കയിലായി. ഉടൻ ഇവർ അഗ്നിരക്ഷസേനയിൽ വിവരം അറിയിച്ചു. ഇതോടെ വൈക്കത്തുനിന്ന് മൂന്ന് യൂനിറ്റും കടുത്തുരുത്തിയിൽനിന്ന് രണ്ടുയൂനിറ്റും സ്ഥലതെത്തി. ഇവർ രണ്ടരമണിക്കൂറോളം പരിശ്രമിച്ചതിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ഏറെ ബുദ്ധിമുട്ടിയാണ് ആദ്യഘട്ടങ്ങളിൽ പരിസരങ്ങളിലേക്ക് തീ പടരുന്നത് ഇവർ തടഞ്ഞത്.
അപകടസ്ഥലത്തേക്ക് കടന്നുചെല്ലാൻ റോഡില്ലാത്തത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പിന്നീട് തോട്ടിൽനിന്ന് വെള്ളം എടുത്താണ് തീയണച്ചത്. ഇത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പോളിഷ് അടക്കമുള്ളവ ഉണ്ടായിരുന്നത് തീ ആളിപ്പടരാൻ കാരണമായതായി അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

