ഹൃദയപൂർവം, ഹൃദ്യം
text_fieldsകോട്ടയം: ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുരുന്നുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഹൃദ്യ’ ത്തിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 810 പേർ. ഇതിൽ 289 കുട്ടികളുടെ ചികിത്സ വിജയകരമായി പൂർത്തീകരിച്ചു. 174 കുട്ടികൾക്ക് ഓപൺ സർജറിയും 72 കുട്ടികൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയയും നടത്തി. 43 കുട്ടികൾ ശസ്ത്രക്രിയയില്ലാതെ തുടർചികിത്സകളിലൂടെ ജീവിതത്തിലേക്ക് പിച്ചവെച്ചു.
ജന്മനാ ഹൃദയസംബന്ധമായ രോഗമുള്ള കുട്ടികൾക്കായി സംസ്ഥാന സർക്കാറാണ് ‘ഹൃദ്യ’മെന്ന പേരിൽ സൗജന്യ ചികിത്സ പദ്ധതി ഒരുക്കിയത്. നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹൃദ്യത്തിലൂടെ സൗജന്യചികിത്സ ലഭിക്കും. സാമ്പത്തിക നിബന്ധനകളൊന്നുമില്ല. രജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിക്കുന്നതാണ് ആദ്യഘട്ടം. തുടർന്ന് ആവശ്യമായ ചികിത്സ നൽകും. അടിയന്തര സാഹചര്യമുള്ള കുരുന്നുകൾക്ക് ശസ്ത്രക്രിയയും നടത്തും.
കുഞ്ഞ് ജനിക്കുമ്പോൾതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ആശുപത്രിയിൽനിന്ന് തന്നെ ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്യാം. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കേസുകളും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർചെയ്യുന്ന കേസുകൾ പദ്ധതിയിൽ എം. പാനൽ ചെയ്ത ആശുപത്രികൾക്ക് കൈമാറി ചികിത്സ ഉറപ്പാക്കും. കോട്ടയം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം എസ്.എ.ടി, എറണാകുളം അമൃത, ലിസി, തിരുവല്ല ബിലീവേഴ്സ് എന്നീ ആശുപത്രികളാണ് സർക്കാറിന്റെ എം പാനൽ പട്ടികയിലുള്ളത്. ഇവിടെയാകും ചികിത്സയും ശസ്ത്രക്രിയയും നടത്തുന്നത്. ഹൃദ്യത്തിലൂടെ നടത്തുന്ന ശസ്ത്രക്രിയകൾക്ക് രണ്ടുലക്ഷം രൂപവരെയാണ് ആശുപത്രികൾക്ക് സർക്കാർ നൽകുന്നത്.
ശസ്ത്രക്രിയയോ ആശുപത്രി ചികിത്സയോ കഴിഞ്ഞാൽ ആർ.ബി.എസ്.കെ നഴ്സുമാർ മാസംതോറും കുട്ടിയുടെ വീടുകളിലെത്തി തുടർപരിചരണം ഉറപ്പാക്കും.
ഇത്തരത്തിൽ ഒരുവർഷംവരെ സൗജന്യ ചികിത്സയും നൽകും. ഒരു കുട്ടിക്ക് ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടിവന്നാലും ഹൃദ്യത്തിലൂടെ സാധ്യമാണ്. കോട്ടയം ജില്ല ജനറൽ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഐ.സി വഴിയാണ് ജില്ലയിൽ ഹൃദ്യം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. 2017 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും കൃത്യമായ വിവരമില്ലാത്തതിനാൽ പലരും രജിസ്റ്റർ ചെയ്യാത്ത സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഫോൺ: 8593074441. വെബ്സൈറ്റ്: www.hridyam.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

