ഗ്യാസ് ഏജൻസി മാറ്റം; ഉപഭോക്താക്കൾ ദുരിതത്തിൽ
text_fieldsഈരാറ്റുപേട്ട: മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിലെ ആയിരത്തോളം എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾ ഏജൻസി മാറ്റിയതിനെ തുടർന്ന് ദുരിതത്തിൽ. ഈരാറ്റുപേട്ടയിലെ ഗ്യാസ് ഏജൻസിയിൽനിന്ന് ഉപഭോക്താക്കളുടെ അനുമതി ഇല്ലാതെയും മതിയായ മുന്നറിയിപ്പ് നൽകാതെയുമാണ് പാലാ വള്ളിച്ചിറയിലെ ഏജൻസിയിലേക്ക് മാറ്റിയത്. ഏജൻസി മാറ്റിയതിനു ശേഷം ഈ പ്രദേശങ്ങളിൽ കൃത്യസമയത്ത് ഗ്യാസ് വിതരണം നടക്കുന്നില്ലെന്നും ഗ്യാസ് എത്തുന്ന ദിവസങ്ങളിൽപോലും അറിയിപ്പ് നൽകുന്നില്ലെന്നും പരാതിയുണ്ട്.
രാവിലെ മുതൽ വൈകുന്നേരം വരെ ഗ്യാസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നിട്ടും പലപ്പോഴും നിരാശരായി മടങ്ങേണ്ട അവസ്ഥയാണെന്നും ഉപഭോക്താക്കൾ പറയുന്നു.
വിതരണക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരിക്കുമെന്നും വിതരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വള്ളിച്ചിറയിലെ ഗ്യാസ് ഡിപ്പോയിൽ എത്തിയാൽ പോലും പലപ്പോഴും ഗ്യാസ് ലഭിക്കാത്ത സ്ഥിതിയാണത്രെ. പ്രായമായവർക്കും മുതിർന്ന പൗരന്മാർക്കും വീടുകളിൽ ഗ്യാസ് എത്തിച്ചുനൽകാൻ പോലും തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
ദിനേന ജോലിക്ക് പോകുന്നവർക്ക് ഗ്യാസ് ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പറയുന്നു. വിഷയം ഉന്നയിച്ച് രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മീനച്ചിൽ താലൂക്ക് വികസന സമിതി അംഗവുമായ പീറ്റർ പന്തലാനി ജില്ല സിവിൽ സപ്ലൈസ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളുടെ ചുമതലയുള്ള റേഷനിങ് ഇൻസ്പെക്ടറോട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. എന്നാൽ, പരാതി നൽകി നാളുകളായിട്ടും കാര്യമായ നടപടിയുണ്ടാകാത്തത് ഏജൻസിയുടെ ഉന്നത സ്വാധീനം കാരണമാണെന്ന് പീറ്റർ പന്തലാനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

