വികസനം ഇനിയുമെത്ര അകലെ? ടൗൺ വളർന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇരുമ്പുപാലം
text_fieldsഇരുമ്പുപാലം ടൗൺ
അടിമാലി: ജില്ലയിൽ വളരെ വേഗത്തിൽ വളർന്ന ടൗണായ ഇരുമ്പുപാലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങൾ വീർപ്പുമുട്ടുന്നു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് ഇവിടെ എത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം. കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്ത് സലഫി മസ്ജിദിന് എതിർദിശയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രാഥമിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി ടേക് എ ബ്രേക്ക് നിർമിച്ച് ഒരു വർഷം മുൻപ് ഉദ്ഘാടനവും നടത്തി.
അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ, പ്രവർത്തനം തുടങ്ങാത്ത ‘ടേക് എ ബ്രേക്ക്’ കെട്ടിടം
ഇത് ലേലം നടത്തിയെങ്കിലും എട്ട് മാസമായിട്ടും കരാർ എടുത്ത വ്യക്തിക്ക് പ്രവർത്തനം തുടങ്ങാൻ സാധിച്ചില്ല. വൈദ്യുതിയടക്കം ചെറിയ പ്രശ്നങ്ങൾ പരിഹരിച്ച് നൽകുന്നതിന് അധികൃതർക്ക് കഴിയാത്തതാണ് കാരണം. നീണ്ട എട്ട് വർഷത്തെ നിർമാണത്തിനൊടുവിലാണ് മൂന്ന് നിലകളിൽ കെട്ടിടം പൂർത്തിയായത്. ഗതാഗത പ്രശ്നമാണ് ടൗൺ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ഓട്ടോകൾ പഴയ ഇരുമ്പുപാലം സ്റ്റാൻഡാക്കിയിട്ടുണ്ടെങ്കിലും ഇവിടംകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. പടിക്കപ്പ് റോഡിൽ വാഹനങ്ങൾ നിറഞ്ഞ് കാൽകുത്താൻ ഇടമില്ല. ഓട്ടോകളും ഇതര വാഹനങ്ങളും നിറയുന്നതോടെ എപ്പോഴും പ്രശ്നങ്ങളാണ്. ഇതുമൂലം നിരവധി പ്രശ്നങ്ങളാണ് വ്യാപാരികളും ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാരും തമ്മിൽ ഉണ്ടായിട്ടുള്ളത്. ലഹരി മാഫിയയുടെ ഇടപെടൽ കൂടുതലുള്ള ഇവിടെ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ ഓപറേഷൻ തൂഫാൻ നടപടികളൊന്നും ഉണ്ടായിട്ടില്ല. മാമലക്കണ്ടം, പഴംബ്ലാളാൽ, ഒഴുവത്തടം, പടിക്കപ്പ്, വായ്ക്കലാംകണ്ടം, പരിശക്കല്ല് തുടങ്ങി നിരവധി സ്ഥലങ്ങളുടെ സംഗമകേന്ദ്രമാണിവിടം.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടം എന്ന നിലയിലും ഇരുമ്പുപാലം അറിയപ്പെടുന്നു. ചില്ലിത്തോട് വെള്ളച്ചാട്ടം ഉൾപ്പെടെ ടൂറിസത്തിനും പ്രാധാന്യമുള്ള സ്ഥലവുമാണ്. ആരോഗ്യ മേഖലയിൽ ഒരു ഹോമിയോ ആശുപത്രിയുള്ളതാണ് ആശ്വാസം. മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഒന്നുമില്ല. മുമ്പ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അടിമാലി പഞ്ചായത്തിലെ രണ്ടാമത്തെ പ്രധാന പട്ടണമാണ് ഇരുമ്പുപാലം. എന്നാൽ, സമസ്ഥ മേഖലയിലും ഈ ടൗണിനെ തളർത്താൻ അധികാരകേന്ദ്രങ്ങൾ ശ്രമിക്കുന്നെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

