റബറിൽ ചൂടൻ ചർച്ച; മുന്നണി മാറ്റത്തിൽ പോര്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് പോരിലേക്ക് കടക്കാനൊരുങ്ങുമ്പോൾ, റബറിൽ മുന്നണി നേതാക്കളുടെ ചൂടൻ ചർച്ച. റബർ വിലയിടിവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ യു.ഡി.എഫ് പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ, ആസിയാൻ കരാറിനെ ചേർത്തുനിർത്തിയാണ് എൽ.ഡി.എഫിന്റെ തിരിച്ചടി.
കേന്ദ്രം ഭരിച്ച മുൻ സർക്കാറുകളാണ് റബർ മേഖലയെ തകർത്തതെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം പ്രസ്ക്ലബ് സംഘടിച്ച സംവാദത്തിലായിരുന്നു, ആരോപണ- പ്രത്യാരോപണങ്ങളുമായി ജില്ലയിൽ മുന്നണിയെ നയിക്കുന്ന നേതാക്കൾ നിറഞ്ഞത്.
റബർ ബോർഡിനെ തകർക്കുന്നുവെന്ന് റസലും നാട്ടകവും; കേരളത്തിന് വേണ്ടി മാത്രമല്ലെന്ന് ലിജിൻ
റബർ വിലയിടിവിന് കാരണം കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആസിയൻ കരാറാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ പറഞ്ഞു. റബർ കർഷകരെ സഹായിക്കേണ്ട കടപ്പാട് സംസ്ഥാനത്തിന് മാത്രമല്ല, കേന്ദ്രസർക്കാറിനും കൂടിയാണ്. റബറിന്റെ താങ്ങുവില 250 രൂപയായി അഞ്ച് വർഷത്തിനുള്ളിൽ ഉയർത്തുമെന്നാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്.
ഇപ്പോൾ രണ്ടരവർഷം മാത്രമേ ആയിട്ടുള്ളൂ. റബറിന്റെ നികുതി ഇനത്തിൽ കോടികളാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. ഒരുവിഹിതം കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ നൽകുകയാണ് വേണ്ടതെന്നും റസൽ പറഞ്ഞു. റബർ ഇറക്കുമതി തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതാണ് വിലയിടിയാനുള്ള പ്രധാനകാരണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
ആസിയാൻ കരാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. വലിയ നേട്ടങ്ങളാണ് ഈ കരാറിലൂടെ രാജ്യത്തിന് ലഭിച്ചത്. കരാറിൽ ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർകൃഷിക്ക് വലിയ പിന്തുണ നൽകുന്ന കേന്ദ്രം, കേരളത്തിലെ കൃഷിയെ തകർക്കാനാണ് ശ്രമിക്കുന്നത്.
റബർ ബോർഡും സമാന നിലപാടിലാണ്. ബോർഡിന്റെ ആസ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റനുള്ള നീക്കം സജീവമായി തുടരുകയാണെന്നും നാട്ടകം പറഞ്ഞു. കേന്ദ്രം ഭരിച്ച മുൻ സർക്കാറുകളാണ് റബർ മേഖലയെ തകർത്തതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.
കേരളത്തിന്റെ മാത്രമല്ല റബർ ബോർഡ്. രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലെയും റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ബോർഡിന്റെ കടമ. ജീവനക്കാരെ വെട്ടികുറച്ചുവെന്നത് ശരിയല്ല. മുൻകാലങ്ങളിൽ ബന്ധുക്കളെയടക്കം ബോർഡിൽ തിരുകികയറ്റുകയായിരുന്നു. ഇതിന് മാറ്റമുണ്ടായി. റബറിന് 25 ശതമാനം ഇറക്കുമതി തീരുവ നിശ്ചയിച്ചത് മോദി സർക്കാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

