ഒറ്റക്ക് രാത്രി ഡ്യൂട്ടി; കോട്ടയത്ത് ഹോമിയോ നഴ്സുമാർ ജോലി ചെയ്യുന്നത് ജീവൻ പണയംവെച്ച്
text_fieldsകോട്ടയം: അമിത ജോലിഭാരത്തിൽ വലഞ്ഞ് ജില്ലയിലെ സർക്കാർ ഹോമിയോ വകുപ്പിലെ നഴ്സുമാർ. രാത്രി സുരക്ഷ സംവിധാനങ്ങളില്ലാതെ ഒറ്റക്ക് ജോലിചെയ്യേണ്ട ഭീതിജനകമായ സാഹചര്യമാണ് ആശുപത്രികളിൽ.ഹോമിയോ മേഖലയിൽ രോഗികളെ കിടത്തിച്ചികിത്സിക്കുന്ന മൂന്നു ആശുപത്രികളാണ് ജില്ലയിലുള്ളത്; കുറിച്ചി ഗവ. ആശുപത്രി, നാഗമ്പടം ജില്ല ഹോമിയോ ആശുപത്രി, പാലാ ഗവ. ഹോമിയോ ആശുപത്രി.
ഇതിൽ കുറിച്ചി ആശുപത്രിയിൽ മാത്രമാണ് 24 മണിക്കൂറും മറ്റ് ജീവനക്കാരുടെയും സേവനം ഉള്ളത്. ബാക്കി രണ്ട് സ്ഥലത്തും നഴ്സ് മാത്രമാണ് രാത്രി ഡ്യൂട്ടിയിൽ. പാലാ, കോട്ടയം എന്നിവിടങ്ങളിൽ സെക്യൂരിറ്റി സംവിധാനം പോലും ഇല്ല. പലയിടത്തും അടച്ചുറപ്പുള്ള സുരക്ഷ സംവിധാനങ്ങളില്ല. ലഹരിക്ക് അടിമപ്പെട്ടവരും കിടത്തിച്ചികിത്സ തേടി ഈ ആശുപത്രികളിൽ എത്താറുണ്ട്.
പലപ്പോഴും ജീവനുപോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകൾ ഒറ്റക്ക് ഇവർ നോക്കുന്നത്. അതേസമയം, 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട മറ്റ് ജീവനക്കാരെ അതിൽനിന്ന് ഒഴിവാക്കി പകൽ ഡ്യൂട്ടി മാത്രം നൽകുന്ന സാഹചര്യമുണ്ടെന്നും ആരോപണമുണ്ട്. രോഗിയുടെ അവസ്ഥ മോശമായാൽ അവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവന്നാൽ സഹായിക്കാൻപോലും ആരുമില്ലാത്ത അവസ്ഥയാണ്.
മിക്ക രോഗികൾക്കും കൂട്ടിരുപ്പുകാരും ഉണ്ടാകാറില്ല. അതും വെല്ലുവിളിയാണ്. പാലാ, കോട്ടയം ഹോമിയോ ആശുപത്രിയിൽ രാത്രി ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യൻ, സെക്യൂരിറ്റി, കുക്ക്, വാച്ചർ, അറ്റൻഡർ തുടങ്ങി എല്ലാ ജോലികളും ഇവർ ഒറ്റക്ക് ചെയ്യേണ്ടിവരുന്നു. പി.എസ്.സി വഴി നിയമനം നേടിയ നഴ്സുമാരോടാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നത്. പലയിടത്തും രോഗിയെ മാറ്റാൻ വാഹന സൗകര്യവും ഇല്ല.
പരിഹാരം കണ്ടില്ലെങ്കിൽ സമരം -കെ.ജി.എൻ.എ
കോട്ടയം: ഹോമിയോ നഴ്സുമാരുടെ അവസ്ഥ വ്യക്തമാക്കി നിരവധി തവണ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ല കമ്മിറ്റി ഹോമിയോ ഡി.എം.ഒക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.പാലിയേറ്റിവ്, ജെറിയാട്രിക് പ്രോജക്ട് വഴി വന്ന നഴ്സുമാർ കാലാവധി കഴിഞ്ഞുപോകുമ്പോൾ ആ ഒഴിവ് നികത്താതെ അവരുടെ ജോലികൂടി ഈ നഴ്സുമാരെ ഏൽപിക്കുകയാണ്.
ആവശ്യത്തിന് നഴ്സുമാരെ പോസ്റ്റ് ചെയ്യാത്തത് മൂലം കൃത്യമായ ഓഫോ ലീവോ എടുക്കാൻ കഴിയുന്നില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.ജി.എൻ.എ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

