കനത്ത മഴ; ജില്ലയില്‍ 19.96 കോടിയുടെ കൃഷിനാശം
text_fieldsകോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. വിശദമായ കണക്കെടുപ്പ് നടത്തിവരുകയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബിനു തോമസ് പറഞ്ഞു.
ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. 5827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.
ഉഴവൂര്‍, പാമ്പാടി, വൈക്കം, ഈരാറ്റുപേട്ട, ളാലം, വാഴൂര്‍, മാടപ്പള്ളി, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്കുകളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലാണ് 10 ഹെക്ടറിൽ താഴെ കൃഷിനാശം ഉണ്ടായിട്ടുള്ളത്. പ്രാഥമിക കണക്ക് പ്രകാരം പള്ളത്ത് 8.30 ഹെക്ടറും കാഞ്ഞിരപ്പള്ളിയിൽ 5.98 ഹെക്ടറുമാണ്. നഷ്ടം യഥാക്രമം 17.71 ലക്ഷവും 33.15 ലക്ഷവും വരും.
പാചകവാതകമില്ല; ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ
വൈക്കം: മറവൻതുരുത്ത് ഗവ. യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ദിവസവും ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് ആഹാര വിതരണം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ഉച്ച മുതലാണ് ഗ്യാസ് സിലിണ്ടർ ലഭിക്കാത്ത അവസ്ഥ. നിലവിൽ സ്കൂളിലെ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് താൽക്കാലികമായി പാചകം നടക്കുന്നത്. ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി ആറ് ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ ഭാരത് ഗ്യാസ് വൈക്കം ഏജൻസിക്ക് കത്ത് നൽകിയിരുന്നെങ്കിലും ആവശ്യമായ തുക ഡെപ്പോസിറ്റ് ചെയ്യാതെ സിലിണ്ടറുകൾ വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഏജൻസി അധികൃതർ.
നിലവിൽ 85 കുടുംബങ്ങളിൽനിന്നായി 175 അംഗങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽനിന്നും ഗ്യാസ് എത്തിച്ച് രാവിലെ ഭക്ഷണം പാചകം ചെയ്തു. ക്യാമ്പിലേക്ക് അടിയന്തരമായി ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടനടി ഇടപെടണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും ക്യാമ്പ് ഭാരവാഹികളും. വില്ലേജ് ഒാഫിസർ ക്യാമ്പിലെത്തി പരിഹാര ചർച്ചകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

