മീനച്ചിലാറിെൻറ മുകൾഭാഗങ്ങളിൽ പെയ്തത് 110-180 മി.മീ. മഴ
text_fieldsകോട്ടയം: മീനച്ചിലാറിെൻറ മുകൾഭാഗങ്ങളിൽ (തീക്കോയി, പൂഞ്ഞാർ തുടങ്ങിയ) ഭാഗത്ത് ശനിയാഴ്ച പകൽ പെയ്തത് 110 മി.മീ. മുതൽ 180 മി.മീ. വരെ മഴ. രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയുള്ള ഒമ്പതുമണിക്കൂർ സമയത്തെ കണക്കാണിത്.
ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വിവിധ ഇടങ്ങളിൽ പെയ്ത മഴയുടെ അളവ്
(അവലംബം: മീനച്ചിൽ റിവർ റെയിൻ മോണിറ്ററിങ് നെറ്റ്വർക്ക്)
പനക്കപ്പാലം -156.4 മി.മീ.
പെരുനിലം- 107.4 മി.മീ.
ഈരാറ്റുപേട്ട- 120.2 മി.മീ.
മൂന്നിലവ്-109.4 മി.മീ.
ഇടമറുക്-118 മി.മീ.
കൈപ്പള്ളി- 112 മി.മീ.
പെരിങ്ങുളം- 107 മി.മീ.
പാതാമ്പുഴ- 176.6 മി.മീ.
കിഴക്കൻ മേഖല വെള്ളത്തിൽ നൂറുകണക്കിന് വീടുകൾ മുങ്ങി
മുണ്ടക്കയം/കാഞ്ഞിരപ്പള്ളി: എട്ടുമണിക്കൂർ നീണ്ട കനത്ത മഴയിൽ കിഴക്കൻ മേഖല വെള്ളത്തിലായി. ഇളങ്കാട്, മൂപ്പന്മല, ഉറുമ്പിക്കര, മക്കൊച്ചി, കപ്പിലാംമൂട് മേഖലകളിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലുകൾ കോട്ടയം, ഇടുക്കി ജില്ലകളിൽപെട്ട കൊക്കയാർ, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളിൽ വ്യാപക നാശമാണ് വിതച്ചത്. മേഖലയിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. നിരവധി വീടുകൾ വെള്ളത്തിലൊഴുകിപ്പോയി. മണിമലയാർ, പുല്ലകയാർ, അഴുതയാർ, പാപ്പാനി തോടുകൾ കര കവിഞ്ഞതിനെത്തുടർന്നാണ് വീടുകൾ തകർന്നത്. രാവിലെ ഏേഴാടെ ആരംഭിച്ച മഴ വൈകിയും നിലക്കാതെ പെയ്യുകയാണ്. മുണ്ടക്കയം കോസ് വേ, കൂട്ടിക്കൽ ചപ്പാത്ത്, ഏന്തയാർ പാലം, വെംബ്ലി തൂക്കുപാലം എന്നിവ കവിഞ്ഞൊഴുകി. ഏന്തയാർ-കുപ്പായക്കുഴി തൂക്കുപാലം, മക്കൊച്ചി തൂക്കുപാലം എന്നിവ ഒലിച്ചുപോയി. വെംബ്ലി കമ്യൂണിറ്റി ഹാൾ പാലം, നൂറേക്കർ പാലം എന്നിവയും മലവെള്ളപ്പാച്ചിലിൽ ഒഴുകി. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട കവലയും കുരിശുകവലയും വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരം കവല റോഡിലെ പേട്ട ജങ്ഷൻ, കോവിൽ കടവ്, കെ.എം.എ ജങ്ഷൻ, അനിത്തോട്ടം, വളവുക്കയം, ആനക്കല്ല്, മഞ്ഞപ്പള്ളി, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്, കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26ാം മൈൽ ജങ്ഷൻ, ചോറ്റി, മുണ്ടക്കയം കോസ്വേ, ബൈപാസ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി കടമ പുഴ ആശുപത്രി, 26ാം മൈൽ മേരി ക്വീൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി പി.ഇ.എം.എസ് വർക്ക്ഷോപ്, പേട്ട കവലയിലെ മഠത്തിൽ വ്യാപാര സമുച്ചയം, തൗഫീഖ് ഹോട്ടൽ, പി.എസ്.എം സ്റ്റോഴ്സ്, ഒട്ടേറെ വ്യാപാര ശാലകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. കോവിൽകടവ്, പഴയ പള്ളി, ആനിത്തോട്ടം, വളവുകയം, എറികാട് റോഡ് എന്നിവിടങ്ങളിലെ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. കാഞ്ഞിരപ്പള്ളി പാറക്കടവ്-പത്തേക്കർ, പേട്ട ഗവ.ഹൈസ്ക്കൂൾ-കൊടുവന്താനം റോഡും വെള്ളത്തിൽ മുങ്ങി. എരുമേലി പഞ്ചായത്തിലെ കണമല കോസ്വേയിലും മുക്കം പെട്ടി കോസ്വേയിലും വെള്ളം കയറി. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. കെ.എസ്.ആർ.ടി.സി ബസുകളിലും വർക്ക്ഷോപ്പിലും വെള്ളം കയറി.
കാഞ്ഞിരപ്പള്ളി ടൗൺ മുങ്ങി സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി
കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ കടകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടാക്സി സ്റ്റാൻഡ്, മണിമലയിലേക്കുള്ള റോഡ് എന്നിവ പൂർണമായി മുങ്ങി. ഇവിടെ ജെ.സി.ബിയടക്കം വെള്ളത്തിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണിൽ ഇത്രയും വെള്ളം ഉയരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ വലിയതോതിൽ ജലനിരപ്പ് ഉയർന്നു. ഇത്തരത്തിൽ വെള്ളം ഉയരുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

