
കനത്ത മഴ; ജാഗ്രതയിൽ കോട്ടയം; വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ ഭീഷണി
text_fieldsകോട്ടയം: കനത്ത മഴയിൽ ജില്ല ജാഗ്രതയില്‍. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലും പടിഞ്ഞാറന്‍ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴയാണ് ശനിയാഴ്ച രാത്രിയിലും ശക്തമായി തുടരുന്നത്. ശനിയാഴ്ച രാവിലെ അൽപനേരം മഴ മാറിനിന്നെങ്കിലും പിന്നീട് വീണ്ടും ശക്തമായി. ഞായറാഴ്ച ഉച്ചവരെ ശക്തമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മലയോര മേഖലയിൽ കഴിഞ്ഞയാഴ്ച പെയ്തതുപോലെ ശക്തമായ മഴ പെയ്യുന്നില്ലെങ്കിലും തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ ലഭിക്കുന്നതിനാല്‍ മലയോര പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച തീക്കോയിൽ പെയ്ത തീവ്രമഴയിൽ ഉരുൾപൊട്ടലടക്കമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നിലവിൽ ഭൂമി കുതിർന്നുകിടക്കുന്ന സാഹചര്യമായതിനാൽ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ച് തീവ്രമഴയുണ്ടായാൽ വലിയ നാശം സംഭവിക്കാമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
മലയോര മേഖലകളിലേക്ക് രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും ഇവർ അറിയിച്ചു. നിലവില്‍, മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.
അപകടനിരപ്പില്‍ എത്തിയിട്ടില്ല. എന്നാല്‍, പലയിടങ്ങളിലും അപകട നിരപ്പിലേക്ക് നീങ്ങുകയാണ്. നിലവില്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളില്‍ വെള്ളം ഉയരുകയാണ്. താഴ്ന്ന പാടങ്ങളിലും വെള്ളംകയറി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചാല്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതായി പടിഞ്ഞാറന്‍ നിവാസികള്‍ പറയുന്നു. പലരും മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളടക്കം ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി.
പെയ്തത് 382.6 മില്ലിമീറ്റര്‍
കോട്ടയം: കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച രാവിലെ ഏട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയില്‍ പെയ്തത് 382.6 മില്ലിമീറ്റര്‍ മഴ. ഏറ്റവും കൂടുതല്‍ പെയ്തത് കോട്ടയത്താണ് -67.2 മില്ലിമീറ്റര്‍. കുറവ് കോഴയിലാണ്; 31.8.
മറ്റിടങ്ങളിലെ മഴക്കണക്ക്
- കാഞ്ഞിരപ്പള്ളി- 65.8 മി.മീഈരാറ്റുപേട്ട- 62
- മുണ്ടക്കയം- 56
- തീക്കോയി- 46
- പാമ്പാടി- 53.8
കൊയ്ത്തിനരികെ പെരുമഴ; ആശങ്ക
കോട്ടയം: പാടശേഖരങ്ങൾ വിളവെടുപ്പിനൊരുങ്ങുന്നതിനിടെ എത്തിയ കനത്ത മഴയിൽ നെൽകർഷകർ ആശങ്കയിൽ. ജില്ലയിലെ പ്രധാന പാടശേഖരങ്ങളെല്ലാം രണ്ടാംവിള കൊയ്ത്തിനുള്ള തയാറെടുപ്പിലാണ്. കുട്ടനാടൻ മേഖലയിൽ കൊയ്ത്ത് ആരംഭിച്ചെങ്കിലും ജില്ലയിൽ ഈ മാസം പകുതിയോടെയാകും വിളവെടുപ്പ് സജീവമാകുക. രാമപുരം, കാണക്കാരി മേഖലകളിലെ ഒറ്റപ്പെട്ട പാടത്ത് കൊയ്ത്ത് ആരംഭിച്ചെങ്കിലും പ്രധാന നെൽമേഖലയായ വെച്ചൂർ, കല്ലറ, ആർപ്പൂക്കര മേഖലകളിലെ വലിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെയാകും കൊയ്ത്ത് ആരംഭിക്കുക.
അപ്രതീക്ഷിതമായ കനത്ത മഴയിൽ നെൽച്ചെടികൾ നിലത്ത് വീഴുമോയെന്ന ആശങ്കക്കൊപ്പം മഴ തുടരുന്നത് പൂർണ വിളവെത്താൻ വൈകുമെന്നും കർഷകർ പറയുന്നു. മഴ തുടരുന്നത് വിളവ് വൈകിപ്പിക്കും. ഇതുമൂലം കൊയ്ത്തും വൈകും. ഇതിനിടെ, തുലാവർഷം കനത്താൽ ഇരുട്ടടിയാകുമെന്നും കർഷകർ പറയുന്നു.
ഒറ്റപ്പെട്ട ചില പാടശേഖരങ്ങളിൽ അടുത്തയാഴ്ചയോടെ കൊയ്ത്ത് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർമഴയെ തുടർന്ന് നീട്ടി. ഇനി കൊയ്ത്ത് നടത്തണമെങ്കിൽ മഴ തോർന്ന് അഞ്ചുദിവസമെങ്കിലും നല്ല വെയിലുണ്ടാകണം. പാടം ഉണങ്ങിയാലേ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് പാടശേഖരത്തിലേക്ക് എത്താൻ കഴിയൂ. കൊയ്ത്തുയന്ത്രങ്ങൾക്ക് എത്തിക്കണമെങ്കിലും മഴ മാറിനിൽക്കണമെന്ന് കർഷകർ പറയുന്നു.
മൂന്ന് മില്ല് മാത്രം
ജില്ലയിലെ ഒറ്റപ്പെട്ട പാടശേഖരങ്ങളിൽ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണത്തിൽ അവ്യക്തത. ജില്ലയിൽനിന്ന് നെല്ല് സംഭരിക്കാൻ മൂന്ന് മില്ല് മാത്രമാണ് നിലവിൽ താൽപര്യം കാട്ടിയിരിക്കുന്നത്. ഇവർ കരാറും ഒപ്പിട്ടു. നിലവിൽ കൊയ്ത്ത് ആരംഭിച്ച രാമപുരം, കാണക്കാരി മേഖലകളിലെ ഒറ്റപ്പെട്ട പാടങ്ങളിലെ നെല്ല് സംഭരണത്തിന് ഈ മില്ലുകൾ മതിയാകുമെങ്കിലും രണ്ടാഴ്ചക്കുള്ളിൽ കൊയ്ത്ത് സജീവമാകുന്നതോടെ സ്ഥിതി മാറും. കൂടുതൽ മില്ലുകൾ എത്തിയില്ലെങ്കിൽ കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും.
സംഭരണം നടത്തേണ്ട മില്ലുകളുടെ രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും വളരെക്കുറച്ച് മില്ലുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് അഞ്ച് മില്ല് മാത്രമാണ് സംഭരണത്തിന് കരാർ െവച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കൂടി തുടരുകയാണെങ്കിൽ വീണ്ടുമൊരു കണ്ണീർ വിളവെടുപ്പാകും കർഷകർക്കെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കൂടുതൽ നാൾ നെല്ല് പാടത്ത് ഇടാനും കഴിയില്ല. ഒന്നാംവിള നെല്ലിന്റെ വില ലഭിക്കാൻ വളരെ വൈകിയതിനാൽ കടം വാങ്ങിയും മറ്റുമാണ് കർഷകർ രണ്ടാംകൃഷി ഇറക്കിയത്. സംഭരണം വൈകിയാൽ സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട സ്ഥതിയുണ്ടാകുമെന്നും കർഷകർ പറയുന്നു. പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിൽ തുടർന്ന അലംഭാവം രണ്ടാം കൃഷിയിലും ആവർത്തിക്കുമോയെന്ന സംശയമുണ്ടെന്നും അവർ പറയുന്നു.
ഏറ്റുമാനൂര്‍ കെ.എസ്.ആര്.ടി.സി യാത്രികർക്ക് ദുരിതം
ഏറ്റുമാനൂര്‍: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലെ വെള്ളക്കെട്ടും തകര്‍ന്നറോഡും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വെള്ളക്കെട്ടും ചളിയും നിറഞ്ഞുകിടക്കുന്നതിനാല്‍ ബസില്‍ കയറുന്നവരും ഇറങ്ങുന്നവരും തെന്നിവീഴുന്നു. സ്റ്റാന്‍ഡിലൂടെ അനധികൃതമായി സ്വകാര്യ വാഹനങ്ങളും ലോറികളും കടന്നുപോകുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. പ്രവേശനകവാടവും തകര്‍ന്നു കിടക്കുകയാണ്. ഡ്രയിനേജ് സംവിധാനം ഇല്ലാത്തതിനാലാണ് വെള്ളകെട്ട് ഉണ്ടാക്കുന്നത്.
ദേശീയപാതയിലേക്ക് മരം കടപുഴകി
പൊൻകുന്നം: ദേശീയപാതയിലേക്ക് കൂറ്റൻ തണൽമരം കടപുഴകി. ശനിയാഴ്ച പകൽ രണ്ടോടെ പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപംനിന്ന മരമാണ് മറിഞ്ഞുവീണത്. മഴയുള്ള സമയത്തായതിനാൽ കാൽനടക്കാർ ആരുമില്ലാതിരുന്നതും വാഹനങ്ങൾ എത്താതിരുന്നതും അപകടം ഒഴിവാക്കി. എതിർവശത്ത് കടകളില്ലാത്ത ഭാഗത്തേക്കാണ് വീണത്. ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അരികിലേക്കാണ് മരത്തിന്റെ അഗ്രഭാഗമെത്തിയത്.
ലൈൻ പൊട്ടിവീണ് വൈദ്യുതി വിതരണവും നിലച്ചു. ഒരുമണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മറ്റ് വഴികളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്. നാലുമണിക്കൂറിലേറെ പൊൻകുന്നം ടൗണിൽ വൈദ്യുതി വിതരണം നിലച്ചു. ഇവിടെ ഇതിനുമുമ്പും മരങ്ങൾ റോഡിലേക്കുവീണ് അപകടമുണ്ടായിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കി ഓട്ടോതൊഴിലാളികൾ
കങ്ങഴ: റോഡരികിലെ വെള്ളക്കെട്ട് ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് ഒഴിവാക്കി. വാഴൂർ റോഡിൽ ദേവഗിരി കവലയിൽ കാത്തിരിപ്പുകേന്ദ്രത്തോട് ചേർന്നുള്ള ഭാഗമാണ് തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കിയത്. മഴപെയ്താൽ വെള്ളം ഒഴുകാതെ റോഡരികിൽ കെട്ടിക്കിടക്കുന്നത് പതിവായിരുന്നു. ഇതിൽ ചവിട്ടിയാണ് യാത്രക്കാരും സഞ്ചരിച്ചിരുന്നത്. കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കയറുന്നതും വെള്ളക്കെട്ടിലൂടെയായിരുന്നു. ഇവിടെ ഓട നിർമിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയത്. മണ്ണുമാന്തി യന്ത്രവും തൂമ്പയും ഉപയോഗിച്ചാണ് ഇവർ റോഡും പരിസരവും വൃത്തിയാക്കിയത്. മഴ തുടരുന്നതിനാൽ നടക്കാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു.
സംരക്ഷണ ഭിത്തി തകർന്ന് സ്കൂട്ടർ കുഴിയിൽ വീണു
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കുഴിയിലേക്ക് വീണു. സമീപത്തെ കാറും കുഴിയിലേക്ക് വീഴാറായ നിലയിലായിരുന്നു. തുടർന്ന് മറ്റൊരു വാഹനം ഉപയോഗിച്ച കെട്ടിവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
കുരിശു കവലയിലെ പെട്രോൾ പമ്പിന്റെ കോമ്പൗണ്ടിനോട് ചേർന്നുള്ള സ്ഥലത്ത് കെട്ടിട നിർമാണത്തിനായി മണ്ണെടുത്തു മാറ്റിയ ഭാഗത്തെ 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്നു വീണത്. മഴ തുടർന്നാൽ ബാക്കി ഭാഗവും ഏത് നിമിഷവും നിലപൊത്താവുന്ന സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
