തകർത്ത് പെയ്ത് കാലവർഷം
text_fieldsകോട്ടയം: കാലവർഷം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ തകർത്ത് പെയ്ത് മഴ. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ പെയ്യുന്ന മഴയാണ് കാലർഷമായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഒക്ടോബർ ഒന്നോടെ തുലാവർഷ സീസണിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാലവർഷത്തിന്റെ അളവിൽ വൻ കുറവുണ്ടായിരിക്കെയാണ്, അവസാന ദിവസങ്ങളിൽ കനത്ത മഴ പെയ്തിറങ്ങിയത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുന്നത്.
സംസ്ഥാനത്തെ മഴ കണക്കിൽ വൈക്കം മൂന്നാമതാണ്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് വെള്ളിയാഴ്ച അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ മൂന്നാം സ്ഥാനത്താണ് വൈക്കം. വൈക്കത്ത് 115 മില്ലീമീറ്റർ മഴയാണ് പെയ്തത്. തൊട്ടടുത്ത ചേർത്തലയിലാണ് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത്; 131.2. തൃശൂരിലെ വടക്കാഞ്ചേരിക്കാണ് രണ്ടാം സ്ഥാനം (122). കാഞ്ഞിരപ്പള്ളിയിൽ 69 ശതമാനവും കോട്ടയത്ത് 85.4 മില്ലിമീറ്റർ മഴയുമാണ് ചെയ്തതത്.യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ചയും ജില്ലയുടെ മലയോര മേലകളിലടക്കം കനത്ത മഴലാണ് ചെയ്തത്. വ്യാഴാഴ്ച രാത്രിയും പുലർച്ചയും മലയോരത്തും തീരമേഖലകളിലും കനത്ത മഴ ലഭിച്ചു. ഇടവേളക്കു ശേഷം മഴ കനത്തതോടെ ജില്ലയുടെ മൊത്തം മഴയുടെ അളവും വർധിച്ചു.
മഴക്കുറവ് കണക്കുകളിലും വ്യത്യാസമുണ്ടായി. ജില്ലയിലെ മൊത്തം മഴക്കുറവ് 40 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ചവരെ 1897 മില്ലീമീറ്റർ മഴയായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ, ബുധനാഴ്ചവരെ പെയ്തത് 1129.1 മില്ലീമീറ്റർ മഴയാണ് പെയ്തത്.
ഇതിനിടെ, ജില്ലയിലെ നദികളിലെ ജലനിരപ്പും ഉയരുകയാണ്. ജില്ലയിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴയാർ, മീനച്ചിലാർ, മണിമലയാർ നദികളുടെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നു.
മണിമലയാറിന്റെ മുണ്ടക്കയം, മണിമല, പാറയിൽകടവ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നതായാണ് കണക്ക്. മീനച്ചിലാറിന്റെ തീക്കോയി, ചേരിപ്പാട്, പാലാ, പേരൂർ, നീലിമംഗലം, കോടിമത, നാഗമ്പടം, കുമരകം, തിരുവാർപ്പ്, കരിമ്പിൻകാല കടവ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും ജലനിരപ്പ് ഉയരുന്നു.
തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിലടക്കം മലയോര മേഖലയിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

