Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴ തുടരുന്നു;...

കനത്ത മഴ തുടരുന്നു; ജാഗ്രതാനിർദേശം

text_fields
bookmark_border
കനത്ത മഴ തുടരുന്നു; ജാഗ്രതാനിർദേശം
cancel

കോട്ടയം: നാടിനെ ഭീതിയിലാക്കി പെരുമഴ തുടരുന്നു. മൂന്നിലവ് ടൗണിലടക്കം വെള്ളം കയറി. ജില്ലയിൽ അതിതീവ്ര മഴക്കു സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.

മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റിൽ ചേരിപ്പാട് ജലനിരപ്പ് അപകടനില കടന്നു. തീക്കോയിയിൽ മുന്നറിയിപ്പു നിലയിലാണ് വെള്ളം. മണിമലയാറ്റിൽ മുണ്ടക്കയത്തും ജലനിരപ്പ് അപകടനിലക്കു മുകളിലെത്തി. മുണ്ടക്കയം കോസ്‌വേ വെള്ളത്തില്‍ മുങ്ങി. മണിമലയിലും വെള്ളം ഉയരുന്നു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

അതിശക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തിൽ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. മീനച്ചിൽ താലൂക്കിൽ പലയിടങ്ങളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സങ്ങളുണ്ട്. ഇവ നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുങ്ങിയ മലയാളികളായ 25ഓളം പേരെ മേച്ചാൽ ഗവ. എൽ.പി.എസ് സ്കൂളിലേക്കും തൊട്ടടുത്ത വീടുകളിലേക്കുമായി മാറ്റി.

മേലുകാവ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരം കവല-മേച്ചാൽ-റോഡിൽ വാളകം ഭാഗത്തും നെല്ലാപ്പാറ-മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും കടവ് പുഴ-മേച്ചാൽ റോഡിൽ ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായതിനാലാണ് ഇവർക്ക് തിരികെ പോകാൻ കഴിയാതിരുന്നത്. രണ്ട് കുടുംബങ്ങളെയും സ്കൂളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചക്കിക്കാവ് -കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതർ.

വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണും പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഞായറാഴ്ച വൈകീട്ടു തുടങ്ങിയ മഴയിലും മലവെള്ളപ്പാച്ചിലിലും മലയോര മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായത്. റോഡുകൾ പലതും ഒഴുകിപ്പോയി. ഈ വർഷം ടാറിങ് നടത്തിയ റോഡുകളാണ് ഇടിഞ്ഞത്. വൈദ്യുതി ലൈനുകൾ തകർന്നു.

മീനച്ചിലാർ കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഈരാറ്റുപേട്ട: ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. നിരവധി വീടുകളിലെ ഉപകരണങ്ങളുൾപ്പെടെ നശിച്ചു. ടൗണിലെ കോസ്വേകൾ പൂർണമായും വെള്ളത്തിനടിയിലായി. പാലായിലേക്കും തൊടുപുഴയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ ടൗണിൽ വെള്ളം കയറിയതുമൂലം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പകുതിയിലധികം വാർഡും വെള്ളത്തിൽ മുങ്ങി. നടയ്ക്കല്‍, താഴത്തെനടയ്ക്കല്‍, പൊന്തനാർ പറമ്പ്, കാരക്കാട്, ടൗൺ തെക്കേകര, കടുവാമുഴി ഭാഗങ്ങളില്‍ വെള്ളം കയറി. താഴത്തെ നടയ്ക്കല്‍ ഭാഗത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെ വീടുകളെല്ലാം വെള്ളത്തിലായി. ഞായറാഴ്ചയും ഇവിടങ്ങളിൽ മലവെള്ളം കയറിയിരുന്നു. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തോടിന് ഇരുവശവുമുള്ള എൺപതിലധികം വീടുകളിൽ വെള്ളം കയറി 35 കിണറുകൾ വെള്ളത്തിനടിയിലായി.

മുരുക്കാലി അൻസാർ മസ്ജിദിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. തോട് സൈഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ ഓഫ് ചെയ്തതോടെ പ്രദേശം ഇരുട്ടിലാകും. ഈരാറ്റുപേട്ട-പാലാ റോഡില്‍ പനയ്ക്കപ്പാലത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായി. കളത്തൂകടവിൽ ടിപ്പര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. കാറുകള്‍ അടക്കം ചെറുവാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. ഇടുക്കി ജില്ലയിൽനിന്നുള്ള റെസ്ക്യൂ ടീമുകൾ മേലുകാവിൽ തമ്പടിച്ചിട്ടുണ്ട്.

പാലാ വെള്ളപ്പൊക്ക ഭീഷണിയിൽ

പാലാ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി. സമീപത്തെ റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.ഏറ്റുമാനൂർ-പൂഞ്ഞാർ പാതയിലെ പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. തിങ്കളാഴ്ച വൈകീട്ടോടെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഭരണങ്ങാനം-ഇടമറ്റം റോഡിൽ വിലങ്ങുപാറ, ഇടപ്പാടി, ചേർപ്പുങ്കൽ, കിടങ്ങൂർ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുൻ വർഷങ്ങളിലെ വെള്ളപ്പൊക്ക അനുഭവമുള്ളതിനാൽ പാലാ നഗരത്തിലെ വ്യാപാരികൾ ജാഗ്രതയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rain
News Summary - Heavy rain continues; Warning
Next Story