മീനച്ചൂടിനെ തോൽപിക്കും സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടം
text_fieldsകോട്ടയം: മീനച്ചൂടിനെ പോലും തോൽപിക്കുന്ന രീതിയിൽ പ്രചാരണത്തിന്റെ ഉഷ്ണമാപിനി നാൾക്കുനാൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും അതിന്റെ സർവ സാധ്യതകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് അക്ഷരനഗരിയെ ആവേശം കൊള്ളിക്കുകയാണ്.
മുന്നണി മാറ്റവും പാർട്ടി മാറ്റവും തുടങ്ങി സ്ഥാനാർഥികളുടെ പ്രചരണ പോസ്റ്ററുകൾ, ചിഹ്നങ്ങൾ, നവമാധ്യമ പ്രചാരണങ്ങൾ എന്നിവയെല്ലാം ആരോപണങ്ങൾക്ക് വിഷയീഭവിക്കുകയാണ്. ഇതിൽ ഏറ്റവും കൗതുകകരം കേരള കോൺഗ്രസുകളുടെ ചില
നവമാധ്യമ കൂട്ടായ്മകളിലൂടെയുള്ള ചർച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാണ്. യു.ഡി.എഫ് സ്ഥാനാർഥി കഴിഞ്ഞകുറി എൻ.ഡി.എ ഘടകകക്ഷിയായി മത്സരിച്ച ‘പാർട്ടി’യുടെ പ്രതിനിധി ആണെന്നുള്ളതാണ്. പി.സി. തോമസ് ചെയർമാനായിരുന്ന കേരള കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയിൽ ആയിരുന്നു.
അന്ന് പി.സി. തോമസ് കോട്ടയത്ത് മത്സരിച്ചത് ചൂണ്ടിക്കാണിച്ചാണ് കേരള കോൺഗ്രസ് എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആരോപണം ഉയർത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് എം പാർട്ടിയിലെ പിളർപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും പാർട്ടിയും തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച് കൊടുത്തപ്പോൾ പി.ജെ. ജോസഫും കൂട്ടരും രജിസ്ട്രേഷൻ ഉള്ള പി.സി. തോമസിന്റെ സ്വന്തം കേരള കോൺഗ്രസ് പാർട്ടിയെ കൂടെ ചേർത്ത് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസ് ആയി മാറുകയായിരുന്നു.
അവർ തമ്മിലുള്ള ലയനം വരെ പി.സി. തോമസ് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ യുടെ ഭാഗമായിരുന്നു. കൂടാതെ ഫ്രാൻസിസ് ജോർജ് കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിൽ അഞ്ചിലും വിവിധ മുന്നണിയിലും പാർട്ടികളിലും വിവിധ ചിഹ്നത്തിലും ആണ് മത്സരിച്ചിട്ടുള്ളതെന്നതും തോമസ് ചാഴികാടൻ എട്ടു തെരഞ്ഞെടുപ്പിലും ഒരേ പാർട്ടിയിലും ഒരേ ചിഹ്നത്തിലും ആണ് മത്സരിച്ചിട്ടുള്ളതെന്നും എൽ.ഡി.എഫുകാർ പ്രത്യേകിച്ച് കേരള കോൺഗ്രസ് എം വിഭാഗം നവമാധ്യമങ്ങളിലൂടെ ഉയർത്തി കാണിക്കുന്നു.
ഇതിനു മറുപടിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ആയിരുന്ന ചാഴികാടൻ എതിർപാളയത്തിലേക്ക് പോയത് ജോസഫ് വിഭാഗവും ചൂണ്ടിക്കാണിക്കുന്നു. ഈ ഇലക്ഷനിൽ എതിർ സ്ഥാനാർഥി ജയിച്ചാലും തോറ്റാലും എൻ.ഡി.എയിലേക്ക് ഈ പാർട്ടിയെ പി.സി. തോമസ് തിരിച്ചുകൊണ്ട് പോകും എന്നാണ് അതിനുള്ള മറുപടി.
നവ മാധ്യമങ്ങളിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പോരാട്ടം നാൾക്കുനാൾ ചൂടേറി വരികയാണ്. മീന ചൂടിന്റെ തീഷ്ണതയെക്കാൾ നവമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മാപിനി ഉയർന്നു തന്നെ. വരുംദിവസങ്ങളിൽ വേനൽ മഴ അന്തരീക്ഷത്തിലെ ഉഷ്ണം ഏറെ കുറക്കുമെന്ന് പ്രതീക്ഷിച്ചാലും തെരഞ്ഞെടുപ്പ് പ്രചാരണ മേഖലയിലെ ചൂട് വർധിക്കുമെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

