അസഭ്യവർഷവുമായി വ്യാപാരി; കടയടപ്പിച്ച് ഹരിതകർമസേനാംഗങ്ങൾ
text_fieldsകോട്ടയം മുനിസിപ്പാലിറ്റിയിലെ ഹരിതകർമസേനാംഗങ്ങൾ എസ്.എച്ച് മൗണ്ടിലെ പച്ചക്കറിക്കടക്കു മുന്നിൽ പ്രതിഷേധിക്കുന്നു
കോട്ടയം: മാലിന്യമെടുക്കാനെത്തിയ ഹരിതകർമ സേനാംഗങ്ങളെ അസഭ്യം പറഞ്ഞ് ആക്ഷേപിച്ച് പച്ചക്കറി വ്യാപാരി. പ്രതിഷേധവുമായി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ ഒന്നിച്ചെത്തിയതോടെ കടയടപ്പിച്ച് പൊലീസ്. വ്യാപാരിക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. സംഭവം ഒത്തുതീർപ്പാക്കാൻ നഗരസഭ ചെയർപേഴ്സൻ ശ്രമിക്കുകയാണെന്ന് മുനിസിപ്പൽ പ്രതിപക്ഷനേതാവും മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ അഡ്വ. ഷീജ അനിൽ പറഞ്ഞു.
12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.എച്ച്. മൗണ്ടിൽ വട്ടമൂട് പാലത്തിനു സമീപത്തെ ടിബറ്റ് പച്ചക്കറി മൊത്ത വ്യാപാരസ്ഥാപനത്തിൽ മാലിന്യമെടുക്കാനെത്തിയതായിരുന്നു 12ാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ മൃദുല തങ്കപ്പൻ, തങ്കമ്മ രവികുമാർ എന്നിവർ. ചെളിനിറഞ്ഞ മാലിന്യം എടുക്കില്ലെന്നും തരംതിരിച്ചുമാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടതോടെ വ്യാപാരി ആളുകൾക്കു മുന്നിൽവെച്ച് ഇവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. റോഡിലൂടെ പോയ ഒരാൾ വിഡിയോ എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഹരിതകർമസേനാംഗങ്ങൾ കൺസോർട്യം സെക്രട്ടറിയോട് പരാതി പറഞ്ഞെങ്കിലും താൻ വന്നിട്ട് തീരുമാനം എടുക്കാമെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ അറിയിച്ചതായി പരാതിയിൽ പറയുന്നു. തീരുമാനം വൈകിയതോടെ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ ഇടപെട്ട് ഞായറാഴ്ച ഗാന്ധിനഗർ സ്റ്റേഷനിലെത്തി മൊഴി നൽകി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. അസഭ്യം പറയുന്ന വീഡിയോ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നുമാവശ്യപ്പെട്ടാണ് മുനിസിപ്പാലിറ്റിയിലെ മുഴുവൻ ഹരിതകർമസോനാംഗങ്ങളും കടക്കു മുന്നിൽ പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് കട അടപ്പിച്ചതിനെതുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. കൗൺസിലർമാരായ സിന്ധു ജയകുമാർ, എം.ടി. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

