പ്രളയരഹിത കോട്ടയം പദ്ധതിക്ക് പച്ചക്കൊടി
text_fieldsകോട്ടയം: മീനച്ചിലാറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി നദിയുടെ വീതിയുടെ മൂന്നിലൊന്ന് അപഹരിച്ച് നദിക്കുള്ളിൽ തുരുത്തായി മാറിയ ഇടങ്ങളിലെ എക്കലും ചളിയും മണ്ണും നീക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ജലവിഭവ വകുപ്പിന് നിർദേശം നൽകി. അടുത്ത കാലവർഷം മുൻനിർത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ അധ്യക്ഷയായ വിദഗ്ധ സമിതി അംഗീകരിച്ച റിപ്പോർട്ടും ജൈവ വൈവിധ്യ ബോർഡിന്റെ മാർഗനിർദേശങ്ങളും പരിഗണിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിലുണ്ട്.
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ട് കായലിലേക്കെത്തുന്ന എല്ലാ ശാഖകളും ഒറ്റയടിക്ക് തെളിച്ചെടുക്കാനാണ് ജലവിഭവ വകുപ്പ് പദ്ധതി തയാറാക്കിയത്. ഇതിനെതിരെ കോട്ടയം നേച്വർ സൊസൈറ്റി ദേശീയ ഹരിത ട്രൈബ്യൂണലിൽ കേസു നൽകി.
തർക്കത്തിലിടപെട്ട ഹരിത ട്രൈബ്യൂണൽ, കലക്ടർ അധ്യക്ഷയായി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നദി തെളിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ട്രൈബ്യൂണൽ അനുവാദം നൽകി. ജനകീയ കൂട്ടായ്മയും ചുങ്കം റെസിഡന്റ്സ് അസോസിയേഷനും കേസിൽ കക്ഷിചേർന്ന് പ്രളയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ തെളിവുകൾ ട്രൈബ്യൂണലിൽ ഹാജരാക്കിയിരുന്നു.
നദിയുടെ ഉള്ളിൽ രൂപപ്പെടുന്ന തുരുത്തുകൾ നീക്കി ഒഴുക്ക് സുഗമമാക്കണമെന്ന് ജൈവ വൈവിധ്യ ബോർഡ് തന്നെ ട്രൈബ്യൂണലിൽ ആവശ്യമുയർത്തി. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ വിധി. മീനച്ചിലാറിന്റെ ശാഖകൾ കടന്നുപോകുന്ന ചുങ്കം, കാഞ്ഞിരം, നീലിമംഗലം ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. മീനച്ചിലാറിന്റെ പേരൂർ ഭാഗത്തെ പ്രവർത്തനങ്ങളാണ് തടസ്സപ്പെട്ടിരുന്നത്. ഗ്രീൻ ട്രൈബ്യൂണൽ ഇടപെടലോടെ മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കാൻ തീരുമാനമായി.