രജിസ്ട്രേഷൻ കോംപ്ലക്സ് ചട്ടങ്ങളിൽ ഇളവനുവദിച്ച് സർക്കാർ
text_fieldsഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും അടഞ്ഞുകിടക്കുന്ന കോട്ടയത്തെ രജിസ്ട്രേഷൻ കോംപ്ലക്സ്
കോട്ടയം: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായി അടഞ്ഞുകിടക്കുന്ന രജിസ്ട്രേഷൻ കോംപ്ലക്സ് തുറക്കാൻ വഴിയൊരുങ്ങി.
കെട്ടിടത്തിന് നിർമാണചട്ടങ്ങളിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. നഗരസഭ പരിധിയിൽ കിഫ്ബി പദ്ധതിയിൽ 4.44 കോടി മുടക്കി നിർമിച്ചതാണ് രജിസ്ട്രേഷൻ കോംപ്ലക്സ്. 2022 മേയിൽ മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ചട്ടങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്നതിനാൽ നഗരസഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇക്കാര്യം അറിയിച്ച ചീഫ് ടൗൺ പ്ലാനർ സർക്കാറിന് ഇളവ് പരിഗണിക്കാമെന്ന് ശിപാർശ നൽകിയിരുന്നു. ഇതുപ്രകാരം നിബന്ധനകളോടെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 2022ലാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ചട്ടങ്ങളിൽ ഇളവ് തേടി ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
തുടർന്ന് കെട്ടിടത്തിന് ചട്ടലംഘനമുണ്ടെന്ന് നഗരസഭ റിപ്പോർട്ട് ചെയ്തു. പാർക്കിങ്ങിന്റെ അപര്യാപ്തത, ഫയർ എൻ.ഒ.സി ഹാജരാക്കായില്ല, കെട്ടിടവും മുന്നിലെ അതിരും തമ്മിൽ വേണ്ടത്ര ദൂരമില്ല തുടങ്ങിയ കാര്യങ്ങളാണ് നഗരസഭ ചൂണ്ടിക്കാട്ടിയത്. കെട്ടിടം ചട്ടങ്ങൾക്ക് അനുസൃതമായി ക്രമവത്കരിക്കേണ്ടതാണെന്നും ഡി.ടി.പി സ്കീമിന്റെ ലംഘനമുണ്ടെന്നും ചീഫ് ടൗൺ പ്ലാനർ അറിയിച്ചു.
എന്നാൽ, ഫയർ എൻ.ഒ.സി ആവശ്യമില്ലാത്ത വിഭാഗത്തിലാണ് കെട്ടിടമെന്നും പ്ലാൻ സമർപ്പിച്ച് നഗരസഭയിൽനിന്ന് എൻ.ഒ.സി വാങ്ങിയിരുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ വ്യക്തമാക്കി.
ഡി.ടി.പി സ്കീം പ്രകാരമുള്ള ചട്ടലംഘനം നീക്കണം, നാലാംനില ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് അധികാരി മുമ്പാകെ ഉറപ്പാക്കണം, അഗ്നിബാധയുണ്ടായാൽ രക്ഷപ്പെടാൻ സ്റ്റെയർകേസ് നിർമിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കണമെന്ന നിർദേശത്തോടെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇളവുകൾ ഒഴികെ മറ്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
കലക്ടറേറ്റിനു മുന്നിൽ നിർമിച്ച കെട്ടിടത്തിൽ ജില്ല രജിസ്ട്രാർ ഓഫിസ്, ജില്ല ഓഡിറ്റ് ഓഫിസ്, ചിട്ടി ഇൻസ്പെക്ടർ ഓഫിസ്, ചിട്ടി ഓഡിറ്റ് ഓഫിസ്, അഡീ. സബ്രജിസ്ട്രാർ ഓഫിസ്, ബൈൻഡിങ് യൂനിറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ ഇവ കലക്ടറേറ്റിലും മറ്റ് കെട്ടിടങ്ങളിലുമായാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

