പെട്രോൾപമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകളെ പിടികൂടി
text_fieldsചങ്ങനാശ്ശേരി: മാമ്മൂട് പെട്രോൾപമ്പിൽ ഗുണ്ടാ ആക്രമണം, പമ്പുടമ അടക്കം രണ്ടുപേർക്ക് പരുക്ക്. ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്കാണു പരിക്കേറ്റത്. അക്രമിസംഘത്തിലെ പ്രതികളായ ഗുണ്ടകളെ തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കഴിഞ്ഞദിവസം രാത്രി 9.45നായിരുന്നു സംഭവം.
മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് ആക്രമണം ഉണ്ടായത്. പെട്രോൾ അടിക്കാനെത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പെട്രോൾടാങ്കിന് അടപ്പില്ലെന്ന് ഉടമ പറഞ്ഞതോടെ പ്രകോപനമില്ലാതെ പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പിന്നാലെ, ഓഫീസിലേക്ക് ദിലീപ് ഓടിക്കയറിയെങ്കിലും പ്രതികൾ പിന്നാലെ എത്തി ഓഫീസ് അടിച്ചുതകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾ മാമ്മൂട് ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കൊടിത്താനം പൊലീസ് സംഘം സാഹസികമായാണ് പ്രതികളെ കീഴ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതികളായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ അജിത് കുമാർ, പുന്നമൂട്ടിൽ ബിബിൻ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പമ്പുടമയും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശം കേന്ദ്രീകരിച്ച് നിരന്തരം ആക്രമണം നടത്തുന്ന ലഹരി മാഫിയസംഘമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

