നാടന്‍മത്സ്യങ്ങൾ കിട്ടാക്കനി
text_fieldsചെങ്ങളം അയ്യമാത്ര തമ്പേക്കളം തോട്ടിൽ പോള നിറഞ്ഞനിലയിൽ
കോട്ടയം: നാടന്‍മത്സ്യങ്ങളും കിട്ടാക്കനിയാകുന്നു. പാടശേഖരങ്ങളിലും ചെറുതോടുകളിലും ചെറുമത്സ്യങ്ങൾ കുറഞ്ഞതോടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. കാരി, വരാല്, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി എന്നിങ്ങനെ നിരവധി മീനുകളാണ് നേരത്തേ ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങള്ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാർ ഏറെയായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് നല്ല വിലയും ലഭിച്ചിരുന്നു.
എന്നാൽ, നാടന്‍മത്സ്യങ്ങളുടെ ലഭ്യത വലിയതോതിൽ കുറഞ്ഞതായി തൊഴിലാളികൾ പറയുന്നു. കായൽ ജലത്തിൽ ഉപ്പുവെള്ളത്തിന്റെ അളവ് കുറയുന്നതും ചില മത്സ്യങ്ങളുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്താണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. ഇത് നടക്കാത്തത് വംശനാശത്തിനും ഇടയാക്കുന്നുണ്ട്.
തോടുകളും ചെറിയ നീര്‍ച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്ക് വളര്ന്നിറങ്ങിയതോടെ മീനുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയാതായി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ജലസ്രോതസ്സുകളിൽ നിറഞ്ഞതും മത്സ്യസമ്പത്ത് നശിക്കാനിടയാക്കി. പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിനും കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. കൊല്ലിവല ഉപയോഗിച്ചും വൈദ്യുതി പ്രവഹിപ്പിച്ചും നഞ്ച് കലക്കിയുള്ള മീന്‍പിടിത്തവും മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കിയതായി മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. തോടുകളില്‍ നാട്ടുമത്സ്യങ്ങള്‍ കുറഞ്ഞതോടെ മത്സ്യഫെഡ് രോഹു, കട്ല, വലിയ വാള എന്നിവയുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടെങ്കിലും ഇത്തരം വലിയ മത്സ്യങ്ങള്‍ ചെറിയ നാട്ടുമത്സ്യങ്ങളെ തിന്നൊടുക്കുകയാണെന്നും പരാതിയുണ്ട്. ഇത്തരം വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ആവശ്യക്കാരും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

