മാലിന്യശേഖരണം; വീ കെയർ ഏജൻസിക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsകോട്ടയം: നഗരസഭ വാർഡുകളിൽനിന്ന് മാലിന്യം എടുക്കുന്ന വീ കെയർ ഏജൻസിക്കെതിരെ നടപടിക്ക് കൗൺസിൽ ശിപാർശ. കരാർ വ്യവസ്ഥകൾ ലംഘിച്ചതായി സെക്രട്ടറി തന്നെ യോഗത്തിൽ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
വീ കെയർ ഏജൻസിക്കെതിരെ കൗൺസിലർമാരും വ്യാപക പരാതി ഉന്നയിച്ചു. 15 വാർഡിൽനിന്ന് മാലിന്യം എടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. ജൈവമാലിന്യത്തിന് ഒരു മാസം 260 രൂപ വീടുകളിൽനിന്ന് വാങ്ങാം. പ്ലാസ്റ്റിക്കിന് അഞ്ചും. എന്നാൽ, കൗൺസിൽ നിർദേശമില്ലാതെ പല വാർഡുകളിൽനിന്നും ഏജൻസി മാലിന്യമെടുത്തു. കൗൺസിൽ നിർദേശിച്ച വാർഡുകളിൽനിന്ന് കൗൺസിലർമാർ പറഞ്ഞിട്ടും എടുത്തില്ല.
ചില ഫ്ലാറ്റുകളിൽനിന്ന് 5000 രൂപവരെ രണ്ടുതവണയായി വാങ്ങി. ഒരു വാർഡിൽനിന്ന് ആദ്യത്തെ തവണ 200 രൂപയും അടുത്തതവണ 400 രൂപയും വാങ്ങി. ഒരു വർഷമായി മാലിന്യം എടുത്തു തുടങ്ങിയിട്ടും ഈ വകയിൽ നഗരസഭക്ക് അഞ്ചുപൈസ പോലും നൽകിയിട്ടില്ല.
മോണിറ്ററിങ് നടത്തേണ്ട ചുമതല ആരോഗ്യവിഭാഗത്തിനായിരുന്നെങ്കിലും അവരും ഇടപെട്ടില്ല. കൗൺസിലർമാർ പരാതി ഉന്നയിച്ചപ്പോഴാണ് ഇക്കാര്യം ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചത്. ഇതിൽ അഴിമതിയുണ്ടെന്ന് കൗൺസിലർമാർ ആരോപിച്ചു. ഏജൻസിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും കരിമ്പട്ടികയിൽപെടുത്തണമെന്നും എം.പി. സന്തോഷ്കുമാർ ആവശ്യപ്പെട്ടു.
ക്ലീൻ കേരളയെ ഒഴിവാക്കാൻ ശ്രമം
നഗരസഭയിലെ മാലിന്യനീക്കം ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ നീക്കം. ക്വട്ടേഷൻ ക്ഷണിച്ച പ്രകാരം രണ്ടു കമ്പനി കൗൺസിലിനു മുന്നിൽ പദ്ധതി അവതരണം നടത്തി. തീരുമാനം അടുത്ത കൗൺസിലിൽ ഉണ്ടാകും. ക്ലീൻ കേരള കമ്പനി മാലിന്യം എടുക്കാൻ വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാൻ ശ്രമം. പലയിടങ്ങളിലും ചാക്കുകളിൽ മാലിന്യം കൂട്ടിവെക്കുന്നതായും പരാതിയുണ്ട്.
കെ-സ്മാർട്ട് അക്കൗണ്ട് എച്ച്.ഡി.എഫ്.സിയിൽ
നഗരസഭയിൽ നിലവിൽവന്ന കെ-സ്മാർട്ട് പദ്ധതിയിൽ പണം അടക്കാൻ കൗൺസിൽ അനുമതിയില്ലാതെ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയിൽ അക്കൗണ്ട് തുടങ്ങി. ദേശസാത്കൃത ബാങ്കായ കനറായെ ഒഴിവാക്കിയാണ് ഇത്. ധനകാര്യസമിതി കൗൺസിലിൽവെച്ച ശിപാർശ ആയിരുന്നു ഇതെന്നും അക്കൗണ്ട് തുടങ്ങിയ വിവരം താനറിഞ്ഞില്ലെന്നും ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
വിഷയം പരിശോധിക്കാമെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. വൈസ്ചെയർമാൻ ബി. ഗോപകുമാർ, ടി.എൻ. മനോജ്, സരസമ്മാൾ, ജോസ് പള്ളിക്കുന്നേൽ, പി.ആർ. സോന, ജൂലിയസ് ചാക്കോ, ടോം കോര അഞ്ചേരിൽ, ജാൻസി ജേക്കബ്, എം.ടി. മോഹനൻ, സിന്ധു ജയകുമാർ, ധന്യമ്മ രാജ്, സാബു മാത്യു, റീബ വർക്കി, എൻ.എൻ. വിനോദ്, എം.എസ്. വേണുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

