ബസിലെത്തിയ റമ്പുട്ടാൻ പാർസലിൽ കഞ്ചാവ്; രണ്ട് യുവാക്കൾ പിടിയിൽ
text_fieldsനെടുങ്കണ്ടം: സ്വകാര്യ ബസിൽ എറണാകുളത്തുനിന്ന് കയറ്റിയ റമ്പുട്ടാൻ പാർസലിൽ കഞ്ചാവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ റോബിൻ, ഉണ്ണികൃഷ്ണൻ എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാർ പാലം നിർമാണത്തിനെത്തിയവരാണ് ഇരുവരും. എറണാകുളത്തുനിന്ന് കൊടുത്തുവിട്ട പാർസലിൽ ഒരു കിലോയോളം തൂക്കംവരുന്ന റമ്പുട്ടാന്റെ കൂടെയാണ് 10 ഗ്രാം കഞ്ചാവിന്റെ പൊതി ഉണ്ടായിരുന്നത്.
റമ്പുട്ടാനോടൊപ്പം ബസ് ജീവനക്കാർക്ക് 100 രൂപ നൽകിയത് സംശയത്തിനിടയാക്കി. ബസ് ജീവനക്കാർ പാർസൽ അഴിച്ച് നോക്കിയപ്പോൾ കഞ്ചാവ് കാണുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബസ് നെടുങ്കണ്ടം സ്റ്റാൻഡിലെത്തി യുവാക്കൾ എത്തി പാർസൽ എറ്റുവാങ്ങിയപ്പോൾ പൊലീസ് ഇവരെ പിടികൂടി. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

